റാന്നി: പമ്പാനദിയിലെ ജലനിരപ്പു താണതിനെ തുടർന്നു പുളിമുക്ക് പദ്ധതിയിൽ നിന്നും പമ്പിംങ് കാര്യക്ഷമമാക്കുന്നതിനായി ജലവിതരണ വകുപ്പു നടത്തിയ നിർമ്മാണ പ്രവർത്തനത്തിലെ അപാകത ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കർമ്മ സമിതി പ്രവർത്തകർ രംഗത്തെത്തി.
പദ്ധതിയിലേക്ക് വെള്ളം ശേഖരിക്കുന്ന പൈപ്പ് സ്ഥാപിച്ചിരിക്കുന്നിടത്ത് ആഴം ഇല്ലാത്തതിനാൽ വെള്ളത്തിന് മുകളിലാണ് കിടക്കുന്നത്. ഇതിനാൽ ആവശ്യാനുസരണം വെള്ളം പമ്പു ചെയ്യുവാൻ സാധിക്കുന്നില്ല. കൂടാതെ നിലവിൽ പ്രവർത്തിക്കുന്ന പദ്ധതിയുടെ കിണറ്റിൽ ചെളി അടിഞ്ഞു കിടക്കുന്നത് നീക്കം ചെയ്തിട്ടുമില്ല. തടയണകെട്ടി വെള്ളം സംഭരിക്കുന്ന കുഴിയുടെ ആഴം കൂട്ടുക, കിണറ്റിലേക്കുള്ള പൈപ്പിന്റ നീളം കുറഞ്ഞത് 10മീറ്റർ ദൂരത്തിൽ സ്ഥാപിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ പദ്ധതി പ്രദേശത്ത് എത്തിയത്. എന്നാൽ ഇപ്പോഴത്തെ പ്രവൃത്തികൾക്ക് 35 ലക്ഷം രൂപ മാത്രമെ ഫണ്ട് ഉള്ളൂയെന്നും മറ്റു പ്രവർത്തികള്‍ നടത്താൻ നിർവ്വാഹമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും മനുഷ്യവകാശ കർമ്മസമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനി ശാസ്താം കോവിൽ പറഞ്ഞു.
പദ്ധതികൾ ഉണ്ടായിട്ടും റാന്നിയിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ല. അങ്ങാടി പദ്ധതിയിൽ മുമ്പ് നദിയുടെ മദ്ധ്യഭാഗത്തു കിണർ നിർമ്മിച്ചായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കം കാരണം നദിയുടെ മദ്ധ്യത്തിലെ കിണർ രണ്ടും തകരാറിലാകുകയായിരുന്നു. പിന്നീട് അതോറിറ്റിയുടെ സൗകാര്യാർത്ഥം തീരത്ത് മണൽചാക്ക് അടുക്കി ചാല് വെട്ടി വെള്ളം ശേഖരിക്കുന്നതാണ് പതിവ്. ഇക്കാരണത്താൽ നദിയിൽ ജലനിരപ്പ് കുറയുമ്പോൾ പമ്പിങ്ങ് നിർത്തുന്ന അസ്ഥയാണുള്ളത്. കൂടാതെ റാന്നി ടൗണിൽ നിന്നും വരുന്ന വലിയ തോട് സംഗമിക്കുന്ന തീരത്തോടു ചേർന്ന ഭാഗത്താണ് തടയണ കെട്ടിവെള്ളം ശേഖരിക്കുന്നത്.
റാന്നിയിലെ വിവിധ ലോഡ്ജുകളിലേയും ഹോട്ടലുകളിലേയും മാലിന്യം വഹിച്ചു കൊണ്ടുവരുന്ന തോട്ടിലെ വെള്ളം ചേരുന്ന ഭാഗത്താണ് കുടിവെള്ളത്തിനുള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനു പ്രതിവിധിയായാണ് തടയണയിൽ നിന്നും വെള്ളം ശേഖരിക്കുന്ന പൈപ്പിന്റെ നീളം കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങാടിയിലെ കുടിവെള്ള പ്രശ്നത്തിൽ അധികാരികളും ജനപ്രതിനിധികളും ഇടപെട്ട് ആവിശ്യാനുസരണം ശുദ്ധജലം ലഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നാണ് സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും പ്രധാന ആവശ്യം.