റാന്നി : പാലച്ചുവട് – നരിക്കുഴി, പുതമണ്‍ – കുട്ടത്തോട് റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ അനുമതി ലഭിച്ചതായി രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. 9.07 കോടി രൂപയാണ് രണ്ടു റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഈ റോഡുകള്‍ ഉള്‍പ്പെടെ മൂന്നു റോഡുകള്‍ക്ക് പാക്കേജായി നിര്‍മ്മാണത്തിനു ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇവയോടൊപ്പം ഉള്‍പ്പെട്ടിരുന്ന റാന്നി – ഐത്തല റോഡ് നിര്‍മ്മാണത്തിന് നേരത്തേ തന്നെ ഫണ്ട് അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്നതിനാല്‍ സാങ്കേതികാനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് റാന്നി – ഐത്തല റോഡ് ഒഴിവാക്കി മറ്റു രണ്ടു റോഡുകള്‍ വീണ്ടും ഭരണാനുമതിക്കായി നല്‍കിയതും ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതും.
5.50 മീറ്റര്‍ വീതിയില്‍ ഈ റോഡുകള്‍ ബിഎം ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തും. പാലച്ചുവട് – നരിക്കുഴി റോഡിന് 4.40 കിലോമീറ്ററും പുതമണ്‍ – കൂട്ടത്തോടിന് 5.60 കിലോമീറ്ററാണു നീളം. ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി, കലുങ്കുകള്‍, ഓടകള്‍, ഇന്റര്‍ലോക്ക് കട്ടകള്‍ എന്നിവ നിര്‍മിക്കും. റാന്നി, ചെറുകോല്‍ പഞ്ചായത്തുകളുടെ ഗ്രാമീണമേഖലയില്‍ കൂടിയുള്ളതാണ് ഈ രണ്ടു റോഡുകളും. ഭരണാനുമതി ലഭിച്ച പ്രവൃത്തി ഇപ്പോള്‍ സാങ്കേതിക അനുമതിക്കായി കൊടുത്തിരിക്കുകയാണ്. ഇത് ലഭിച്ചാലുടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യാനാകും.