റാന്നി: ഏകത്വവും അനശ്വരതയും കാട്ടിത്തരുന്ന അദ്വൈത ബോധത്തിലേക്ക് ഭക്തരെ ഉയർത്തുന്ന ദർശനമാണ് അയ്യപ്പ ദർശനമെന്നു അയ്യപ്പ ഭാഗവത സത്രാചാര്യൻ ഹരി വാര്യർ. റാന്നിയിൽ നടക്കുന്ന അയ്യപ്പ ഭാഗവത സത്ര വേദിയിൽ ശ്രീമദ് അയ്യപ്പ ഭാഗവതത്തെ അടിസ്ഥാനമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സകല ചരാചരങ്ങളിലും നിറഞ്ഞു വിളങ്ങുന്ന ബോധസ്വരൂപാണ് അയ്യപ്പ സ്വാമി. അയ്യപ്പൻ എന്നാൽ അഞ്ചിന്റെയും അപ്പൻ അഥവാ അച്ഛൻ.
പഞ്ചഭൂതങ്ങളാൽ നിർമിച്ചിട്ടുള്ള സർവ്വ ചരാചരങ്ങളുടെയും നിലനില്പിനു് ആധാരമായ ബോധസ്വരൂപമാണ് അയ്യപ്പൻ. ഒരു മണ്ഡല കാല വ്രതമെടുത്ത് ഭക്തിയോടെ ശബരിമല ദിവ്യ സന്നിധാനത്തേക്ക് പോകുന്ന ഭക്തർ ഈ ഒരു അറിവോടു കൂടി പോയാൽ അവർക്കു തത്വമസി തത്വത്തെ അറിയുവാൻ സാധിക്കും. വ്രതാനുഷ്ടാനത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിച്ച് അയ്യപ്പ മന്ത്രങ്ങളാൽ മനസ്സിനെ ശക്തമാക്കി നല്ലൊരു ജീവിതം കൈവരിക്കുവാൻ അയ്യപ്പദർശനങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു വെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിവനും വിഷ്ണുവും പോലും മായയിൽ അകപ്പെട്ടു പോയപ്പോഴാണ് അയ്യപ്പൻ ജനിച്ചതെന്നും മായയെ തരണം ചെയ്ത സമ്പൂർണ മുക്തി രൂപമായി മാറിയ പരബ്രഹ്മമാണ് അയ്യപ്പനെന്നും ചിങ്ങോലി ബ്രഹ്മാനന്ദ ശിവപ്രഭാകര സിദ്ധ യോഗ മഠം സന്യാസിനി രാമ ദേവി ‘അമ്മ മറ്റൊരു പ്രഭാഷണത്തിൽ പറഞ്ഞു. മനുഷ്യർക്കെല്ലാവർക്കും ഒരു പിതൃ കടം ഉണ്ടെന്നും ആ ബാധ്യത നിറവേറ്റുന്നതും ഈശ്വര പൂജയാണെന്നും അതിനാണ് പമ്പയിൽ പിതൃ പൂജ ചെയ്യുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, രമേശ് മേലുകര, രാധാകൃഷ്ണൻ പെരുമ്പട്ടി, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, ദീപ കൈമൾ തുടങ്ങിയവർ പങ്കെടുത്തു