റാന്നി : നിർമ്മാണത്തിലുണ്ടായ ഗുരുതരമായ പാകപ്പിഴവ് മൂലം റാന്നി സബ്ട്രഷറി കെട്ടിടത്തിന്റെ നിർമ്മാണം അനന്തമായി നീണ്ടു പോകുകയാണ്. ഇക്കാര്യത്തില്‍ കടുത്ത അമർഷത്തിലാണ് റാന്നിക്കാർ . സബ്ട്രഷറിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് തീരാദുരിതമാണ് ഇതുമൂലം ഉണ്ടാകുന്നത്. ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
നിലവിലുള്ള കെട്ടിടത്തിന്റെ സ്ഥലപരിമിതിക്ക് പരിഹാരം കാണാനാണ് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചത്. എന്നാൽ കെട്ടിടത്തിന്റെ പണിയില്‍ പിഴവുകൾ ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് മുൻപ് തന്നെ ചിലഭാഗങ്ങള്‍ പൊളിച്ചു പണിത് പ്രശ്നങ്ങള്‍ ഒരുവിധം പരിഹരിച്ചു. അപ്പോഴാണ് കെട്ടിടത്തിന്റെ മുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ശ്രദ്ധയില്‍പെട്ടത്. സിമന്റ് തേച്ച് ഈ പ്രശ്നവും ഒരുവിധം പരിഹരിച്ച് ഉദ്ഘാടനം നടത്താന്‍ തുടങ്ങിയപ്പോള്‍ വയറിങ്ങിലും സീലിങ്ങിലും പ്രശ്നമായി. അവസാനം അതും പൊളിച്ചു പണിതതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങ് പൂർത്തിയാക്കിയത്.
ഇതിനിടയിൽ കെട്ടിടത്തിന്റെ മുൻഭാഗത്ത് പാകിയിരുന്ന കട്ടകളും ഇളകിപ്പോയി. കെട്ടിടത്തിന്റെ മുൻപിൽ കതകിനും ജനാലകൾക്കും പകരം ഷട്ടർ ആയിരുന്നു ഇട്ടിരുന്നത്. ഇതു കാരണം ആവശ്യമായ വെളിച്ചം കെട്ടിടത്തിനുള്ളിൽ ലഭിച്ചിരുന്നില്ല. അവസാനം ഷട്ടറുകൾ മാറ്റി ഭിത്തി കെട്ടി ജനാലകൾ ഉൾപ്പടെയുള്ള സ്ഥാപിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിടം നിര്‍മ്മാണത്തില്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ വേണ്ടരീതിയില്‍ കാര്യങ്ങള്‍ പഠിക്കാതെ ചെയ്തതിനാലാണ് ഈ പൊളിച്ചുപണി തുടരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.