റാന്നി : റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. രാജു എബ്രഹാം എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധുവും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ, ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്ന ഏജന്‍സി ഹൈറ്റ്സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.
റാന്നി താലൂക്ക് ആശുപത്രിയില്‍ 30 കോടി രൂപയുടെ കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. താലൂക്ക് ആശുപത്രിയോടു ചേര്‍ന്നുള്ള 50 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതില്‍ 20 സെന്റ് സ്ഥലം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോട് ചേര്‍ന്നുള്ള ബാക്കി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.