റാന്നി: റാന്നി വലിയപാലം നിർമ്മാണം സ്ഥലം ഏറ്റെടുക്കൽ അന്തിമ വിജ്ഞാപനമായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതിൻറെ ഭാഗമായുള്ള 19(1) നോട്ടിഫിക്കേഷൻ ആണ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചത്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഓരോ വസ്തു ഉടമകൾക്കും നഷ്ടമാകുന്ന സ്ഥലത്തിന്റെയും മറ്റ് സ്വത്തുക്കളുടെയും തുക നിശ്ചയിച്ചിട്ടുണ്ട്. ഇനി ഏറ്റെടുക്കേണ്ട വസ്തു ഉടമകളുടെ പേരിലുള്ള രേഖകളും പ്രമാണങ്ങളും പരിശോധിച്ചു മഹസർ തയ്യാറാക്കി ഓരോരുത്തർക്കും നൽകാനുള്ള നഷ്ടപരിഹാരം അവരവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. 14. 44 കോടി രൂപയാണ് വസ്തു ഏറ്റെടുക്കലിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാൻ 26 കോടി രൂപയാണ് അനുവദിച്ചത്.
റാന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാലത്തിന് ഫണ്ട് അനുവദിച്ചത്. അങ്ങാടി പേട്ട ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ മറുകര റാന്നി പഞ്ചായത്തിലെ രാമപുരം – ബ്ലോക്ക് പടി റോഡുമായാണ് ബന്ധിപ്പിക്കുന്നത്. ഈ റോഡ് കൂടി ഏറ്റെടുത്ത് സംസ്ഥാനപാതയ്ക്ക് സമാന്തരമായി ബ്ലോക്ക് പടി മുതൽ പൊന്തൻപുഴ വരെ പുതിയ പാത തീർക്കുകയാണ് ലക്ഷ്യം. എന്നാൽ അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ ഇടയ്ക്ക് വെച്ച് മുടങ്ങി. പുതിയ നിരക്ക് അനുസരിച്ച് അധികമായി ചിലവ് വരുന്ന 19 കോടി രൂപയ്ക്കുകൂടി കിഫ്ബിയുടെ അനുമതി ലഭിച്ചതോടെയാണ് നിർമ്മാണം ടെൻഡർ ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്നത്.