റാന്നി: റാന്നിയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് അവസരമൊരുക്കി നോളജ് വില്ലേജ് ഒഡെപക് ഇൻസ്റ്റിറ്റ്യൂട്ട്. നഴ്സിംഗ് ഉൾപ്പെടെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സഹായിക്കുകയാണ് ലക്ഷ്യം. വിവിധ തൊഴിൽ പരിശീലനങ്ങളും ഇതോടൊപ്പം നൽകും. സംസ്ഥാന തൊഴിൽ വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത ഭാഷാ – റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനമാണ് ഒഡെപക് (ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻസ്). വിദേശത്തും സ്വദേശത്തും തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സിംഗ്, ഐടി, എഞ്ചിനീയറിംഗ്, കൊമേഴ്സ് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ ഉന്നത ബിരുദം നേടിയവർക്ക് ഇംഗ്ലീഷ്, ജർമ്മൻ ഭാഷകൾ കൈകാര്യം ചെയ്യാനും ഐഇഎൽടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം നൽകുവാനുമാണ് പുതിയ സ്ഥാപനം. റാന്നി നോളജ് വില്ലേജിന്റെ പ്രവർത്തന മികവുകൾക്കുള്ള സംസ്ഥാന സർക്കാരിൻറെ അംഗീകാരം കൂടിയാണ് ഒഡെപക് പോലൊരു സ്ഥാപനം റാന്നിക്ക് കിട്ടിയത്.
വർഷം തോറും ആയിരക്കണക്കിന് വിദ്യാർഥികളാണ് നഴ്സിംഗ് ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. വിദേശത്ത് ജോലിയാണ് ഇവരുടെ പ്രധാന ലക്ഷ്യം. എന്നാൽ വിദേശത്ത് ജോലി ലഭിക്കത്തക്ക വിധമുള്ള ഭാഷാ നൈപുണ്യം വളർത്തിയെടുക്കത്തക്ക സ്ഥാപനങ്ങൾ റാന്നിയിൽ ഇല്ല എന്നത് വലിയ പോരായ്മയായിരുന്നു. ഇത്തരം പരിശീലനങ്ങൾ ലഭിക്കണമെങ്കിൽ എറണാകുളത്തോ തിരുവനന്തപുരത്തോ താമസിച്ച് പഠിക്കേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല ഇതിനായി ഭീമമായ ചിലവും വഹിക്കേണ്ടതായി വന്നു. തട്ടിപ്പുകാരായ ചില റിക്രൂട്ട്മെൻറ് ഏജൻസികളുടെ വലയിൽ അകപ്പെട്ട് പണം നഷ്ടപ്പെട്ടവരും നിരവധിയാണ് ‘ ഉദ്യോഗാർത്ഥികളുടെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ മുൻകൈയെടുത്ത് റാന്നിയിൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം ഇപ്പോൾ സാക്ഷാത്കരിച്ചത്. പരിശീലനം ലഭിക്കുന്നവർക്ക് 100% പ്ലേസ്മെൻ്റും ഉറപ്പാക്കുന്നുണ്ട്.