കോഴിക്കോട് : ബാലുശ്ശേരിയില്‍ ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ (46) പോലീസ് തെരയുന്നു. പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
കുട്ടി കുതറി ഓടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. പെണ്‍കുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടി കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും ജൂപ്പിറ്റര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പെണ്‍കുട്ടിയെയും, ഭിന്നശേഷിക്കാരിയെയും താമരശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.