തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തു. വലിയമല സ്റ്റേഷനിലെ സി പി ഒ എസ് എസ് അനൂപിനെയാണ് സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തത്. 2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിതുര സ്റ്റേഷനില്‍ ഡ്രൈവറായിരിക്കെയാണ് പീഡനശ്രമമെന്ന് പെണ്‍കുട്ടി ബാലാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കമ്മിഷന്‍റെ നിര്‍ദേശപ്രകാരം വിതുര പൊലീസാണ് അനൂപിനെതിരെ കേസെടുത്തത്.
രണ്ടു മാസം മുന്‍പ് പെണ്‍കുട്ടി നേരിട്ടാണ് ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയതെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ് പറഞ്ഞു. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ പിണക്കത്തിലായിരുന്നു. അമ്മ സ്റ്റേഷനില്‍ കൊടുത്ത പരാതി അന്വേഷിക്കുന്നതിനിടെ അനൂപ് ഇവരുമായി അടുപ്പത്തിലായതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് നേരേ പീഡനശ്രമം ഉണ്ടായതായാണ് പരാതി.