ബാലുശ്ശേരി : ഓട്ടോറിക്ഷയില്‍ യുവതിക്കുനേരെ പീഡനശ്രമം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ പീഡനശ്രമത്തിനിടെ ഓട്ടോയില്‍നിന്ന് പുറത്തേക്ക് ചാടി യുവതിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വട്ടോളി ബസാര്‍ – കിനാലൂര്‍ റോഡിലാണ് സംഭവം. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പനങ്ങാട് കൂനേല് മാക്കൂല്‍ സുബീഷിനെ (38) ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വട്ടോളി ബസാറിലേക്ക് ഓട്ടോയില്‍ കയറിയ യുവതിയോട് ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
ഇതോടെ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് ഏര്‍വാടി മുക്കിലെത്തിയപ്പോള്‍ യുവതി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവര്‍ സുബീഷിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.