പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. പൊന്നാനി കോട്ടത്തറ തൊട്ടിവളപ്പില്‍ സ്വദേശി ജിഷ്ണുവിനെയാണ് (27) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭ പരിധിയിലെ മാവേലിക്കോളനി പരിസരത്തുവെച്ചാണ് സംഭവം.
പൊന്നാനിയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനികളുടെ പിറകെയെത്തിയ യുവാവ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ അടിച്ച് താഴെയിടുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ജിഷ്ണു ഓടിരക്ഷപ്പെട്ടിരുന്നു. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നാനി സി.ഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.