കൊച്ചി: ഹൈക്കോടതിയിലെ മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പോലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചു. ചോറ്റാനിക്കര പോലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അറസ്റ്റ് വൈകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്കപ്പെടുന്നുണ്ട്. ബലാത്സംഗ കേസിൽ പ്രതിയായ അഭിഭാഷകന്‍റെ അറസ്റ്റ് വൈകുന്നതിന്‍റെ കാരണമെന്താണെന്ന ചോദ്യത്തോടെയാണ് പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചത്. ഉന്നത സ്വാധീനമുള്ള പ്രതിയുടെ അറസ്റ്റ് വൈകുന്ന ഓരോ നിമഷവും ആശങ്കയുടേതാണെന്നും മരണ ഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നുമാണ് കത്തിൽ പറയുന്നു. അതിനാൽ ഇനിയും നടപടികൾ വൈകിക്കരുതെന്നാണ് ആവശ്യം.
ചോറ്റാനിക്കര പോലീസിൽ പ്രതിയായ പിജി മനുവിന് സ്വാധീനമുണ്ടെന്നും സഹായം ലഭിക്കുന്നുണ്ടെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. കേസിനാധാരമായ സംഭവത്തിൽ പ്രധാന തെളിവാകേണ്ട് അഭിഭാഷകന്‍റെ ഫോൺ അടക്കം കാണാതായെന്നതിൽ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. കേസിൽ പ്രതിയായ അഭിഭാഷകൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അടുത്ത ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കേണ്ടത്.