ലക്നൗ: ഇരുപതുകാരിയെ പോലീസുകാര്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്‍പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് യുവതിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തത്. വെള്ളിയാഴ്ച യുവതിയുടെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അതേസമയം യുവതിയുടെ സമ്മതത്തോടെയാണ് ചിലരുടെകൂടെ ഹോട്ടലില്‍ ചെന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായി. എങ്കിലും അന്വേഷണം തുടരുകയും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പോലീസുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ഗൊരഖ്‍നാഥ് പോലീസ് സ്റ്റേഷനിലെ അജ്ഞാതരായ പോലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം ഗൊരഖ്നാഥ് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിഎസ്‍പി, എസ്‍പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോലീസുകാര്‍ രണ്ട് പേരും തന്നെ മര്‍ദ്ദിച്ചുവെന്നും വേശ്യാവൃത്തിക്ക് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.