ഇടുക്കി: കട്ടപ്പന പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ ആരോപണവുമായി പിതാവ്. മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നും രണ്ടുപേരുടെ ജീവനെടുത്തത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്നും മനുവിന്റെ അച്ഛന്‍ മനോജ് ആരോപിച്ചു. മുട്ടം ജയിലില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെടുന്നു. മനു മനോജും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നെന്നും. പ്രായപൂര്‍ത്തി ആയാല്‍ കല്യാണം നടത്താന്‍ രണ്ടുവീട്ടുകാരും തീരുമാനിച്ചതാണെന്നും പിതാവ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നില്‍. രണ്ട് കുട്ടികളുടെ ജീവനെടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും മനോജ് ആരോപിക്കുന്നു.
ബി.ജെ.പിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മനോജ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നും മനോജ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജയിലില്‍ മരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനു നരിയംമ്പാറയിലെ ഓട്ടോ ഡ്രൈവറായിരുന്നു. റിമാന്‍ഡില്‍ കഴിയവെയാണ് മനുവിനെ തോര്‍ത്തില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പീഡനത്തിന് ഇരയായ പെണ്‍കുട്ടിചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങിയിരുന്നു. മനു മനോജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.