കോവളം: മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കാന്‍ കൂടെ വന്നത് പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി. സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്തപ്പോള്‍ പീഡനക്കേസിലെ പ്രതിയെന്നു കണ്ടെത്തി. പത്തും ഏഴും വയസ്സുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ പുഞ്ചക്കരി കിഴക്കേക്കരി പുതുവല്‍ പുത്തന്‍വീട്ടില്‍ മഹേഷ് (29) ആണ് അറസ്റ്റിലായത്.
സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പോലീസ് സ്‌റ്റേഷന്‍ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്. ഈ സമയത്ത് സ്‌റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ് മുഖാവരണം ധരിച്ചു നില്‍ക്കുന്ന മഹേഷിനെ കണ്ടു. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയശേഷം എസ്.ഐ. ബിപിന്‍ പ്രകാശിനോട് പുറത്തുനില്‍ക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കുവെച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പീഡനക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.
ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു. 2019ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികള്‍ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവില്‍ പോകുകയായിരുന്നു.