റാഞ്ചി: ആശ്രമത്തിനുള്ളില്‍ അതിക്രമിച്ച് കയറി സന്യാസിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 12കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കേസിലെ മറ്റൊരു പ്രതിയ്ക്കായി അന്വേഷണം തുടരുകയാണ്. ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയിലെ റാണിദിഹില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രമം അരങ്ങേറിയത്. പുലര്‍ച്ചെ രണ്ടരയോടെ ആശ്രമ മതില്‍ ചാടിക്കടന്നെത്തിയ നാലംഗ സംഘം ഇവിടെ താമസക്കാരിയായ 46കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഇരയാക്കപ്പെട്ട സ്ത്രീ ഉള്‍പ്പെടെ അഞ്ച് വനിതകളും ഒരു സന്യാസിയുമായിരുന്നു ഈ സമയം ആശ്രമത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം. വിവാദ സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടപെടലിനെ തുടര്‍ന്ന് കേസിലെ മുഖ്യപ്രതികളായ ദീപക് റാണ (18) ആശിഷ് റാണ (18) എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് വയസുകാരന്‍ പിടിയിലാകുന്നത്. ആശ്രമത്തിന്‍റെ പരിസര പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികളെന്നാണ് പോലീസ് സൂപ്രണ്ടന്‍റ് വൈ.എസ്.രമേശ് അറിയിച്ചത്. ഒളിവില്‍ പോയ മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് യാതൊരു വീഴ്ചയും ഉണ്ടാകാത്ത തരത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സ്ഥലത്തു നിന്നു ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ഒരവസരം പോലും നല്‍കില്ലെന്നും ശിക്ഷ ഉറപ്പാക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കുമെന്നുമാണ് ഉന്നത പോലീസ് മേധാവി ഉറപ്പു നല്‍കുന്നത്.
ആചാരപരമായ ഒരു ചടങ്ങിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സന്യാസിനി ആശ്രമത്തിലെത്തിയത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മടങ്ങിപ്പോകാനാകാതെ ഇവിടെത്തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.