സോനിപ്പത്ത് : പ്രായപൂർത്തിയാകാത്ത സഹോദരിമാരെ നാലുപേർ ചേർന്ന് പീഡിപ്പിച്ചശേഷം കീടനാശിനി നൽകി കൊലപ്പെടുത്തിയെന്നു റിപ്പോർട്ട്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെൺകുട്ടികളുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന 22നും 25നും ഇടയിൽ പ്രായമുള്ള അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. പതിനാലും പതിനാറും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 5, 6 തീയതികളിൽ രാത്രിയാണ് സംഭവം. പെൺകുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ കീടനാശിനി കഴിപ്പിച്ചു. കുട്ടികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയതോടെ അവരെ പാമ്പ് കടിച്ചതാണെന്ന് പോലീസിനോട് പറയണമെന്ന് പ്രതികൾ അമ്മയോട് ആവശ്യപ്പെട്ടു.
കുട്ടികളെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. മറ്റെയാൾ ചികിത്സയ്ക്കിടെയും മരിച്ചു. രണ്ടുപേരെയും പാമ്പ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോടു പറഞ്ഞത്. സംശയം തോന്നിയ പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണു പീഡന വിവരം പുറത്തുവന്നത്. കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചതായി കുണ്ടലി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവികുമാർ പറഞ്ഞു.