പാമ്പാടി : പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 14 വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവത്തെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നാലരമാസം പ്രായമായ ഗര്‍ഭസ്ഥശിശു മരിച്ചു.
ഞായറാഴ്ച വയറുവേദനയെതുടര്‍ന്ന് കുട്ടിയെ അമ്മ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. കുട്ടിയോടൊപ്പം അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. ഫാക്ടറിയില്‍ ജോലിചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികള്‍ കരകൗശലവസ്തുക്കള്‍ നിര്‍മ്മിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു.
സംഭവദിവസം സഹോദരന്‍ ഒപ്പമില്ലായിരുന്നു. ഏപ്രിലില്‍ പെരുമാനൂര്‍ കുളംകവലയില്‍നിന്ന് മണര്‍കാട് കവലയിലേക്ക് നടന്നുപോകുന്നതിനിടെ ചുവന്ന കാറിലെത്തിയ മദ്ധ്യവയസ്കന്‍ വാഹനം നിര്‍ത്തി കരകൗശലവസ്തു വാങ്ങി. പണം വീട്ടില്‍നിന്നെടുത്തുനല്‍കാമെന്നു പറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഭാര്യയും പെണ്‍കുട്ടിയും വീട്ടിലുണ്ടെന്ന് പറഞ്ഞതിനാല്‍ കാറില്‍ കയറി.
തിരുവഞ്ചൂര്‍ ഭാഗത്തേക്ക് കാറോടിച്ചുപോയ മദ്ധ്യവയസ്കന്‍ വഴിയോരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കുട്ടിയെ കാറിലിരുത്തിയശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇത് നിര്‍ബന്ധിച്ച് കുടിപ്പിച്ചശേഷം കാര്‍ വിട്ടുപോയി. താന്‍ കാറില്‍ക്കിടന്ന് ഉറങ്ങിപ്പോയെന്നും വൈകിട്ട് അഞ്ചുമണിയോടെ ഉണര്‍ന്നപ്പോള്‍ കാര്‍ മണര്‍കാട് കവലയിലായിരുന്നെന്നും കുട്ടി പറയുന്നു.
തുടര്‍ന്ന് പണവും വാങ്ങി ബസില്‍ കയറിപ്പോയി. പിറ്റേന്ന് അടിവയറ്റില്‍ വേദന അനുഭപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച ശക്തമായ വയറുവേദനയും രക്തസ്രാവവുമുണ്ടായതോടെ ആശുപത്രിയിലെത്തുകയായിരുന്നെന്നാണ് കുട്ടി മൊഴി നല്‍കിയതെന്നും പോലീസ് പറയുന്നു. കുട്ടിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.