അഹ്‌മദാബാദ് : അത്യപൂർവ രക്തഗ്രൂപ് ഗുജറാതിൽ കണ്ടെത്തി. 65 വയസുള്ള ഒരാളിലാണ് ഇഎംഎം നെഗറ്റീവ് എന്ന രക്തഗ്രൂപ് തിരിച്ചറിഞ്ഞത്. വയോധികന്റെ രക്തസാംപിൾ പരിശോധനയ്ക്കായി അമേരികയിലേക്ക് അയച്ചിരുന്നു. ഇത്തരത്തിൽ അപൂർവമായ രക്തഗ്രൂപുള്ള ഇൻഡ്യയിലെ ആദ്യത്തെയും ലോകത്തിലെ 10-ാമത്തെയും കേസാണിതെന്ന് റിപോർട്ട് ചെയ്തു. ഇത് നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’ അല്ലെങ്കിൽ ‘എബി’ ഗ്രൂപുകളായി തരംതിരിക്കാനാവില്ല.
പൊതുവേ, മനുഷ്യശരീരത്തിൽ നാല് തരം രക്തഗ്രൂപുകൾ ഉണ്ട്, അവയിൽ ‘എ’, ‘ബി’, ‘ഒ’ ആര്‍ എച്ച് ഡഫി എന്നിങ്ങനെ 42 തരം ഘടനകളുണ്ട്. ഇഎംഎം കൂടുതലുള്ള 375 തരം ആന്റിജനുകളും ഉണ്ട്. എന്നാൽ രക്തത്തിൽ ഇഎംഎം ഹൈ-ഫ്രീക്വൻസി ആന്റിജൻ ഇല്ലാത്ത 10 ആളുകൾ മാത്രമേ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂ, ഇത് അവരെ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. അത്തരം അപൂർവ രക്തഗ്രൂപുള്ള ആളുകൾക്ക് അവരുടെ രക്തം ദാനം ചെയ്യാനോ ആരിൽ നിന്നും സ്വീകരിക്കാനോ കഴിയില്ല. രക്തത്തിൽ ഇഎംഎമിന്റെ അഭാവം മൂലം ഇന്റർനാഷനൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഇതിന് ഇഎംഎം നെഗറ്റീവ് എന്ന് പേരിട്ടു.
ഹൃദയാഘാതത്തെത്തുടർന്ന് അഹ്‌മദാബാദിൽ ചികിത്സയിലായിരുന്നു 65 കാരൻ. ‘രോഗിക്ക് ഹൃദയശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായിരുന്നു. എന്നാൽ, അഹ്‌മദാബാദിലെ ആദ്യ ലബോറടറിയിൽ രക്തഗ്രൂപ് കണ്ടെത്താനാകാതെ വന്നതോടെ സൂറതിലെ രക്തദാന കേന്ദ്രത്തിലേക്ക് സാംപിളുകൾ അയച്ചു. പരിശോധനയ്ക്ക് ശേഷം, സാംപിൾ ഒരു ഗ്രൂപുമായും പൊരുത്തപ്പെടാത്തതിനെത്തുടർന്ന്, അവ ബന്ധുക്കളോടൊപ്പം പരിശോധനയ്ക്കായി യുഎസിലേക്ക് അയച്ചു. തുടർന്ന്, അപൂർവ രക്തഗ്രൂപാണെന്ന് കണ്ടെത്തുകയായിരുന്നു’, സൂറതിലെ സമർപൻ ബ്ലഡ് ഡൊണേഷൻ സെന്ററിലെ ഡോ. സൻമുഖ് ജോഷി പറഞ്ഞു