ഫറോക്ക് : അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഫറോക്ക് ചുങ്കം എട്ടേനാല്‍ ദേശീയപാതയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍ പെരുവള്ളൂര്‍ വെള്ളന്‍ വീട്ടില്‍ മുഹമ്മദ് ഉവൈസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. സംഭവത്തില്‍ തൊട്ടടുത്ത ദിവസംതന്നെ ഫറോക്ക് പോലീസ് പിഴ ചുമത്തിയിരുന്നു. 19ന് രാവിലെ 10.55നാണ് ബസുകളുടെ മരണപ്പാച്ചിലുണ്ടായത്. നഗരത്തില്‍നിന്നു തൃശൂരിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്ഷിപ് ബസാണ് സ്വകാര്യ ബസിനെയും കെ.എസ്.ആര്‍.ടി.സി ബസിനെയും മറികടന്നു ദിശമാറി പോയത്. അമിതവേഗത്തില്‍ വന്ന ബസുകളുടെ ഇടയില്‍ കുരുങ്ങിയ ഇരുചക്ര വാഹന യാത്രക്കാരന്‍ ഫറോക്ക് ചന്ത സ്വദേശി കെ.ഹസ്ബി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബസുകളുടെ വരവുകണ്ട് പരിഭ്രമിച്ച ഇയാള്‍ തന്റെ ഇരുചക്ര വാഹനം ബസുകള്‍ക്കിടയില്‍ നിര്‍ത്തുകയായിരുന്നു.
ബസുകളുടെ മരണപ്പാച്ചിലിനിടയില്‍ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം നടത്തി ബസ് തിരിച്ചറിഞ്ഞു. ഡ്രൈവറെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പിഴ ചുമത്തിയത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാന്‍ ബസുടമയോടും ഡ്രൈവറോടും കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഫറോക്ക് സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച ലൈസന്‍സ് റദ്ദ് ചെയ്തത്.