തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നീട്ടിയേക്കും. മസ്റ്ററിങ്ങിനുള്ള അവസാന തീയതി ചൊവ്വാഴ്ച അസാനിക്കാനിരിക്കെ 75 ശതമാനം പേരുടെ മസ്റ്ററിങ് മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടുന്ന കാര്യത്തില്‍ ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം അന്തിമ തീരുമാനമെടുക്കുക. 10 വയസ്സിനു താഴെയുള്ള ഒമ്പത് ലക്ഷത്തോളം പേരുടെ ബയോമെട്രിക് വിവരം ശേഖരിക്കാൻ എന്തു സംവിധാനം വേണമെന്ന കാര്യവും യോഗം ചർച്ച ചെയ്യും.
അതേസമയം ആധാറിലെയും റേഷൻ കാർഡിലെയും പേരുകളിലെ പൊരുത്തക്കേടുകൾ മൂലം മസ്റ്ററിങ് അസാധുവായവർ കാർഡിലെ പേരുകൾ തിരുത്തേണ്ടി വരും. താലൂക്ക് സപ്ലൈ ഓഫിസർമാർ അംഗീകരിക്കാത്തതിനാൽ ഒരു ലക്ഷത്തിലേറെ പേരുടെ മസ്റ്ററിങ് അസാധുവായിരുന്നു. പേരുകൾ തിരുത്തിയാലും അത് ഹൈദരാബാദിലെ എ.ഇ.പി.ഡി.എസ് സെർവറിൽ അപ്ലോഡ് ചെയ്യുന്നത് എല്ലാ മാസവും 21നാണ്. അതിനാൽ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും. ഇതിനു ശേഷമേ ഇവർക്ക് മസ്റ്ററിങ് വീണ്ടും നടത്താനാകൂ.