തിരുവനന്തപുരം: കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഏറ്റവും മുഖ്യപങ്കു വഹിച്ച പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തു കളയുന്ന നടപടികളില്‍ നിന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പിന്തിരിയണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിതരണക്കരാറുകാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി പണിമുടക്കിലാണ്. റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്തെ 14000 റേഷന്‍ കടകളില്‍ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) യന്ത്രങ്ങളുടെ സാങ്കേതിക പരിപാലനത്തിന് കരാറെടുത്ത കമ്പനി ആ മാസത്തോടെ സേവനം നിര്‍ത്തുന്നു. ചുരുക്കത്തില്‍ സംസ്ഥാനത്ത് സാധാരണമനുഷ്യര്‍ക്ക് റേഷന്‍കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാകും.
സംസ്ഥാനത്തെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരാണ് റേഷന്‍ കടകളുടെ പ്രധാന ഉപഭോക്താക്കള്‍. ഇവരുടെ ജീവിതങ്ങളെ പട്ടിണിയിലേക്കു തള്ളി വിടുന്ന നടപടിയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ റേഷന്‍കടകളില്‍ എത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് വിതരണക്കാര്‍ക്ക് നാലു മാസത്തെ കുടുശിക ഇനത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് അറിയുന്നത്. ഇവര്‍ സമരം തുടങ്ങിയയിട്ട് രണ്ടാഴ്ചയായി. അധികം താമസിയാതെ റേഷന്‍ കടകളില്‍ സ്റ്റോക്ക് ഇല്ലാത്ത അവസ്ഥവരും. ഇതിനൊപ്പമാണ് വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നും ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് റേഷന്‍ വ്യാപപാരികളുടെ സമരവും.
ആധാര്‍ കാര്‍ഡിലെ ഡേറ്റാ ബേസിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി റേഷന്‍ വിതരണം നടത്തുന്ന ഇ പോസ് സംവിധാനത്തിന്റെ സാങ്കേതിക പരിപാലനം നടത്തുന്ന കമ്പനിക്ക് 9 മാസത്തെ കുടിശികയായ 2.75 കോടി രൂപയാണ് നല്‍കാനുള്ളത്. ഫ്‌ളക്‌സ് അടിക്കാന്‍ ഇതിന്റെ പത്തിരട്ടി പണം ദുര്‍വിനിയോഗം ചെയ്യുന്ന സര്‍ക്കാരാണ് സാധാരണ മനുഷ്യന്റെ ഏറ്റവും അവശ്യസര്‍വീസിന് പണം നല്‍കാതിരിക്കുന്നത്. ഇത് അങ്ങേയറ്റം ജനവിരുദ്ധതയാണ്.
ആധാറിനെയും ഇ പോസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷങ്ങളായി റേഷന്‍ പൊതുവിതരണത്തെ ഏതാണ്ടെല്ലാ ദിവസവും ബാധിക്കുന്ന പ്രശ്‌നമായി ഇതു തുടരുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ മേഖലയ്ക്കു തുരങ്കം വെയ്ക്കാനും അതു വഴി കുത്തകകളെ സഹായിക്കാനുമാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു – ചെന്നിത്തല പറഞ്ഞു.