Paytm -ന് ഫെബ്രുവരി 29 നു ശേഷം വിലക്കുമായി റിസര്‍വ് ബാങ്ക്. പേടിഎമ്മിന്റെ പരിതിയില്‍ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗ് എന്നിവയില്‍ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതില്‍ നിന്നാണ് പേടിഎം പേയ്മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയത്. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റര്‍മാരുടെ കംപ്ലയിന്‍സ് വാലിഡേഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി. നിരന്തരമായ വ്യവസ്ഥാ ലംഘനവും മെറ്റീരിയല്‍ സൂപ്രവൈസറി പ്രശ്‌നങ്ങളും കണക്കിലെടുത്താണ് വിലക്ക്. തുടര്‍ന്നുള്ള മേല്‍നോട്ട നടപടികള്‍ ആവശ്യമാണെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്ടാഗുകളും പോലുള്ളവ ഇനി സാധ്യമല്ല. ക്രെഡിറ്റ് ഇടപാടുകള്‍ അല്ലെങ്കില്‍ ടോപ്പ്-അപ്പുകള്‍ അനുവദിക്കുന്നതില്‍ നിന്നും പേടിഎമ്മിന് വിലക്കുണ്ട്. പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ ബുധനാഴ്ചയാണ് റിസര്‍വ് ബാങ്ക് നടപടി എടുത്തത്. നിലവില്‍ പേടിഎം ഉപയോഗിക്കുന്നവരെ ഇത് ഗുരുതരമായി ബാധിച്ചേക്കില്ല. പുതിയ ഉപഭോക്താക്കള്‍ക്ക് പേടിഎമ്മില്‍ അക്കൗണ്ട് തുറക്കാനോ രജിസ്റ്റര്‍ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആര്‍ക്കും പേടിഎമ്മില്‍ ചേരാന്‍ സാധിക്കില്ല. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും. അതായത്, എല്ലാവിധ ഓണ്‍ലൈന്‍ പേയ്‌മെന്റുകളും ലഭ്യമാകില്ലെന്ന് ചുരുക്കം.
പുതിയ കസ്റ്റമേഴ്‌സിന് പേടിഎമ്മിലേക്ക് ചേരാന്‍ സാധിക്കില്ല. ഫെബ്രുവരി 29ന് ശേഷം നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഏതാനും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരും. പഴയ ഉപയോക്താക്കള്‍ക്ക് പേടിഎം വാലറ്റുകളോ പേടിഎം ഫാസ്റ്റാഗുകളോ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടാതെ മൊബിലിറ്റി കാര്‍ഡുകളും ഉപയോഗിക്കാനാകില്ല. ഷോപ്പിങ് ബില്ലുകള്‍ക്കും പാര്‍ക്കിങ് ഫീ ബില്ലിനും ഉപയോഗിക്കുന്നവയാണ് മൊബിലിറ്റി കാര്‍ഡുകള്‍. ഫെബ്രുവരി 29 ന് ശേഷം സേവിങ്‌സ് അക്കൗണ്ടിലേക്ക് പുതിയതായി പണം ചേര്‍ക്കാനാകില്ല. പേടിഎം പേയ്‌മെന്റ്‌സില്‍ സേവിങ്‌സ് ഡിപ്പോസിറ്റ് നടക്കില്ലെന്ന് സാരം. ക്രെഡിറ്റ്, ഡെബിറ്റ് പേയ്‌മെന്റുകള്‍ക്ക് നിയന്ത്രണം വന്നേക്കും. എന്നാല്‍ പേടിഎം വാലറ്റിലുള്ള ബാലന്‍സ് പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ പുതിയ നിക്ഷേപവും ടോപ്പ് അപ്പും സാധിക്കുന്നതല്ല. ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്റ്‌സ്, യുപിഐ സര്‍വീസ് എന്നിവയും ആര്‍ബിഐ വിലക്കി. ഫെബ്രുവരി 29ന് ശേഷം ഇവ പേടിഎമ്മില്‍ അനുവദനീയമല്ല.