തൃശൂര്‍ : വിവാഹം കഴിഞ്ഞ് പിറ്റേദിവസം ആഭരണങ്ങളും പണവുമായി മുങ്ങിയ നവവധു കൂട്ടുകാരിക്കൊപ്പം കറങ്ങി നടന്നത് ആറുദിവസം. ബന്ധുക്കളെയും പോലീസിനെയും വട്ടം ചുറ്റിച്ച ഇരുവരെയും ഒടുവില്‍ ചേര്‍പ്പ് പോലീസ് മധുരയില്‍ നിന്നും പിടികൂടി. കഴിഞ്ഞമാസം 25 നായിരുന്നു പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനുമായ യുവാവും വിവാഹിതരാകുന്നത്.
അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞ ശേഷം പിറ്റേ ദിവസമായിരുന്നു നവവധു മുങ്ങിയത്. ഭര്‍ത്താവിനൊപ്പം ബാങ്ക് ഇടപാടിന് ഇറങ്ങിയ യുവതി, വഴിയില്‍ കാത്തു നിന്ന കൂട്ടുകാരിക്കൊപ്പം സ്ഥലം വിടുകയായിരുന്നു. ഭര്‍ത്താവിന്റെ മൊബൈലും കൈക്കലാക്കിയാണ് കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ ഇരുവരും നാട് വിട്ടത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌കൂട്ടര്‍ വച്ചിട്ട് പിന്നീടുള്ള യാത്ര ടാക്‌സിയിലായിരുന്നു.
ഇതിനിടയില്‍ ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്കും ചെയ്യിപ്പിച്ചു. വസ്ത്രം എടുക്കാനെന്ന പേരില്‍ തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി കടന്നുകളഞ്ഞു. മറ്റൊരു ടാക്‌സിയില്‍ കോട്ടയത്തെത്തിയ ഇവര്‍ ട്രെയിനില്‍ ചെന്നൈയില്‍ എത്തി. പിന്നീട് മധുരയിലെ ലോഡ്‌ജില്‍ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചു.
ട്രെയിനില്‍ പാലക്കാട് മടങ്ങിയെത്തിയ ശേഷം ടാക്‌സിയില്‍ തൃശൂരിലെത്തി സ്‌കൂട്ടറെടുത്ത് എറണാകുളത്ത് പോവുകയായിരുന്നു. മധുരയിലെ ലോഡ്‌ജില്‍ മുറിയെടുത്തിട്ട് പണം നല്‍കാതെ മുങ്ങിയതോടെ തെളിവായി നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സിലെ മൊബൈല്‍ നമ്പറില്‍ ലോഡ്‌ജുടമ ബന്ധപ്പെട്ടു. കൂട്ടുകാരിയുടെ അച്‌ഛന്റെ നമ്പറായിരുന്നു അത്. അദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്‌ജിലെത്തിയ യുവതികളെ പോലീസ് പിടികൂടുകയായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്‌ച പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവുമായി പിരിഞ്ഞയാളാണ് നവവധുവിന്റെ കൂട്ടുകാരി. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വര്‍ണവും കിട്ടാനാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ഇവര്‍ പറയുന്നു. ഇവരില്‍ നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ നവവരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ജോലിചെയ്‌ത് ജീവിക്കാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. കൂട്ടുകാരിയുടെ കൈയിലും പണവും സ്വര്‍ണവും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കൂട്ടുകാരി സര്‍ക്കാര്‍ ജീവനക്കാരിയാണ്.