റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമി സി 67 (Realme C 67)-ന്റെ ഇന്ത്യയിലെ ലോഞ്ച് ഡേറ്റ് പുറത്ത് വിട്ടു. ബഡ്ജറ്റ് ഫ്രണ്ട് ലി സ്മാർട്ട് ഫോണായി പുറത്തിറങ്ങുന്ന റിയൽമി സി 67 ഡിസംബർ 14ന് ഇന്ത്യയിൽ അവതരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ന് റിയൽമിയുടെ മറ്റൊരു ഫോണായ റിയൽമി ജിറ്റി 5 പ്രോ പുറത്തിറക്കുന്നതിന് പിന്നാലെയാണ് കൃത്യം ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു ഫോണും റിയൽമി എത്തിക്കുക. റിയൽമി ഇന്ത്യ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്. ട്വിറ്റർ (എക്സ്) വഴിയാണ് ഇവർ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഫോണിന്റെ വിലയെക്കുറിച്ചുള്ള ചില സൂചനകളും കമ്പനി നൽകിയിട്ടുണ്ട്. ഏകദേശം 10,000 രൂപയോട് അടുത്തായിരിക്കും ഫോണിന്റെ വില.
സി സീരീസിൽ റിയൽമി അവതരിപ്പിക്കുന്ന ആദ്യത്തെ 5ജി ഫോണാണ് റിയൽമി സി 67. ഡിസംബർ 14ന് ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പോസ്റ്ററും റിയൽമി പുറത്ത് വിട്ടിട്ടുണ്ട്. മാത്രമല്ല ഫോണിന്റെ ചിത്രവും ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഫോൺ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കാനുള്ള ഒരു ഓപ്ഷനും റിയൽമി അവതരിപ്പിച്ചിരുന്നു. ട്വിറ്ററിൽ പങ്കിട്ട ചിത്രത്തിന് താഴെയുള്ള നോട്ടിഫൈ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നത് വഴിയായിരിക്കും നിങ്ങൾ ഈ നറുക്കെടുപ്പിന്റെ ഭാഗമാകുക. അതേ സമയം കമ്പനി തന്നെ ഫോണിന്റെ ചില സവിശേഷതകൾ പുറത്ത് വിട്ടിരുന്നു ഇവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 50 എംപി പ്രൈമറി സെൻസൽ ഉൾപ്പെടുന്ന ഡുവൽ ക്യാമറ സംവിധാനത്തോടെ ആയിരിക്കും റിയൽമി സി 67 പുറത്തിറങ്ങുക. ഇതിൽ സെക്കന്ററി ക്യാമറയിൽ എഐ ലെൻസാണ് റിയൽമി നൽകിയിരിക്കുന്നത്.
ഫോണിന്റെ പിൻഭാഗത്ത് വൃത്താക്രതിയിലുള്ള ഭാഗത്താണ് രണ്ട് ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. “സ്പാർക്ക്ലിംഗ് ലെൻസ് റിംഗ്” എന്നാണ് ഈ ഭാഗത്തെ അറിയപ്പെടുന്നത്. ഇവിടെ ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും റിയൽമി നൽകിയിട്ടുണ്ട്. രണ്ട് തരത്തിലുള്ള ഗ്രീൻ കളർ ഫിനീഷിങ്ങിലായിരിക്കും ഈ ഫോൺ പുറത്തിറക്കുക. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിന് ഉണ്ടായിരിക്കുന്നതാണ്. എന്നാൽ ബാറ്ററിയുടെ കപ്പാസിറ്റി എത്രയാണെന്ന് കമ്പനി വെളുപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും 5000 എംഎഎച്ച് ബാറ്ററി ഈ ഫോണിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി സ്ഥിരീകരിച്ചിരിക്കുന്ന മറ്റൊരു കാര്യം ഫോണിന്റെ ഐപി റേറ്റിംഗ് ആണ്. ഐപിഎക്‌സ് 4 ആണ് ഫോണിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമെല്ലാം ഇത് മികച്ച സംരക്ഷണം നൽകുന്നതായിരിക്കും. അതേ സമയം സി സീരീസിൽ പുറത്തിറങ്ങുന്നതിൽ ഏറ്റവും സ്ലിം ആയ മോഡലും റിയൽമി സി 67 ആയിരിക്കും എന്നും കമ്പനി സ്ഥിരീകരിച്ചു.
ഇത്രയും കാര്യങ്ങൾ മാത്രമാണ് നിലവിൽ റിയൽമി സ്ഥിരീകരിച്ചിരിക്കുന്ന ഫീച്ചറുകൾ. പുതിയ ഫോണിനെക്കുറിച്ചുള്ള ചില ചോർച്ചാ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ ഒന്ന് റിയൽമി സി 67ന് MediaTek Dimensity 6100 പ്ലസിന്റെ കരുത്ത് ഉണ്ടാകും എന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0-ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക എന്നും സൂചനകൾ ഉണ്ട്. ഡിസ്പ്ലേയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രഷ് റെയ്റ്റ് ഉണ്ടാകാൻ സാധ്യത ഉണ്ട്. എൽഇഡി സ്ക്രീനും ഫോണിൽ ഇടം പിടിച്ചേക്കാം. പിന്നെ ഒരു സൂചന ഫോണിന്റെ സെൽഫി ക്യാമറെക്കുറിച്ചാണ്. 8 എംപിയുടെ ക്യാമറ ആയിരിക്കും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സി 67-ൽ റിയൽമി നൽകാൻ സാധ്യത. എന്നിരുന്നാലും 10,000 രൂപയിൽ ലഭ്യമായാൽ മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ തന്നെയായിരിക്കും റിയൽമി സി 67.