പത്തനംതിട്ട : ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണവും കുട്ടികളിലെ ലഹരി ഉപയോഗവും ക്രമാതീതമായി വർധിക്കുന്നതിന് കാരണം സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുധീർ കോന്നി പറഞ്ഞു. 2024ൽ പത്തനംതിട്ട ജില്ലയിൽ 188 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. 18 വയസ്സിന് താഴെയുള്ള കുട്ടികൾ പീഡനത്തിന് ഇരയാവുന്നത് വർധിക്കുമ്പോഴും കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ നിർജീവമാണ്. കുട്ടികളുമായി ദൈനംദിന ഇടപെടലുകൾ നടത്തുന്ന സ്കൂൾതലത്തിൽ കൗൺസിലിങ്ങിന് ഉൾപ്പെടെ ആളുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇടപെടലുകൾ ഫലപ്രദമല്ല. പീഡനങ്ങൾക്കും ലഹരിക്കും അടിമപ്പെടുന്ന കുട്ടികളുടെ എണ്ണവും ജില്ലയിൽ വർദ്ധിക്കുകയാണ്. സ്കൂൾ കുട്ടികളുടെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിഞ്ഞ് തെറ്റുകളിൽ നിന്നും അവരെ തിരുത്താനായി പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ നിർജീവമാണ്.
വാർഡ് തലത്തിൽ വരെ കമ്മിറ്റികൾ രൂപീകരിക്കണമെന്ന നിർദ്ദേശം പല പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും അറിയുകപോലുമില്ല. സ്കൂളുകൾക്ക് മുന്നിൽ സാമൂഹ്യവിരുദ്ധരും ലഹരി സംഘങ്ങളും പൂവാലന്മാരും തമ്പടിക്കുന്നത് നിരീക്ഷിക്കേണ്ട ചുമതലയും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾക്കാണ്.
സ്കൂൾതലങ്ങളിൽ ലഹരിയുടെ ലഭ്യത തടയാനുള്ള സംവിധാനങ്ങൾ നിലവിലില്ല. ജില്ലയിലെ ഒട്ടനവധി സ്കൂളുകളും ലഹരി മാഫിയയുടെ പിടിയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പോലീസ്, എക്സൈസ് വകുപ്പുകളെ ഏകോപിപ്പിച്ച് ലഹരിമാഫിയക്ക് തടയിടാനുള്ള ചുമതല ബന്ധപ്പെട്ട സമിതികൾക്ക് ഉണ്ടെങ്കിലും അതിനും നടപടിയില്ല. സ്കൂൾ പരിസരങ്ങളിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതികളിലും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം വ്യാപകമാണ്. തെറ്റുകളിലേക്ക് പോവുന്ന കുട്ടികളെ കണ്ടെത്തിയാൽ വിവരങ്ങൾ തേടി അവരെ സംരക്ഷിക്കേണ്ടത് ജില്ലാതലത്തിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളാണ്. ജുഡീഷ്യൽ അധികാരമുള്ള കമ്മിറ്റിയിൽ ഏറെയും അഭിഭാഷകരും പൊതുപ്രവർത്തകരും ആണ്. ഇത്രയേറെ അധികാരമുള്ള കമ്മിറ്റിയുടെ പ്രവർത്തനവും സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് കുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.