കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിലെ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്തതു മാസങ്ങള്‍ക്കു മുമ്പെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ശബ്ദരേഖ കഴിഞ്ഞ ഓഗസ്റ്റിലേതാണ് എന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 17നു സ്വപ്നയെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്നു ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. കോടതിയുടെ കോണ്‍ഫറന്‍സ് മുറിയില്‍ അഭിഭാഷകന്‍ ജോ പോളുമായി സംസാരിക്കാന്‍ സ്വപ്നയെ അനുവദിച്ചിരുന്നു.
‘ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമര്‍ശം നിര്‍ണായകമാണ്. നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയെ പോലീസ് കാവലില്‍ അന്നു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുന്‍പ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചിരുന്നു. ജയില്‍വകുപ്പു നടത്തിയ മൊഴിയെടുപ്പില്‍ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തില്‍ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. നേരത്തെ അറസ്റ്റിലാവുന്നതിന് മുമ്പും സര്‍ക്കാരിന് അനുകൂലമായ സന്ദേശം സ്വപ്‌ന പുറത്തുവിട്ടിരുന്നു. അതേ നിലപാടിന്റെ ആവര്‍ത്തമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.