മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ട് പത്താം വാർഷികം ആഘോഷിക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി റെഡ്മി. റെഡ്മി കെ70, റെഡ്മി കെ70 ഇ, റെഡ്മി കെ70 പ്രോ എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണ് വരാൻ പോകുന്നത്. നവംബർ 29ന് ചൈനയിൽ നടക്കുന്ന വാർഷിക പരിപാടിയിൽ കെ70 സീരീസ് പുറത്തിറക്കും. ഈ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും കേമനായ പ്രോ മോഡലിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് നൽകിയിരിക്കുന്നത്. റെഡ്മി കെ70 പ്രോയുടെ പ്രധാന ഹൈലൈറ്റ് അതിന്റെ ക്യാമറ സജ്ജീകരണമാണ്. ഇതിന്റെ പ്രധാന ക്യാമറ യൂണിറ്റ് 1.3 എംഎം കട്ടിയുള്ള അൾട്രാ ഡ്യൂറബിൾ ഗ്ലാസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒപ്പം ശക്തമായ 50 മെഗാപിക്സൽ മെയിൻ സെൻസറും ശ്രദ്ധപിടിച്ചുപറ്റുന്നു. ഇരട്ട ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന ക്യാമറ, ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി കെ70 പ്രോയിൽ ഉള്ളത്. ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ മനോഹരമായി ഇവ വിന്യസിച്ചിരിക്കുന്ന കാഴ്ചതന്നെ ഫോണിന് പ്രത്യേക ഗാംഭീര്യം നൽകുന്നു. കറുപ്പും വെളുപ്പും നിറങ്ങളിൽ കർവ്ഡ് എഡ്ജുകളോടെ എത്തുന്നു. ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനാണ് ഇതിലുണ്ടാകുകയെന്നും ടീസർ വ്യക്തമാക്കുന്നു.
6.67 ഇഞ്ച് ഡിസ്പ്ലേയാണ് കെ70 പ്രോയിൽ റെഡ്മി അവതരിപ്പിക്കുക. ഡിസൈൻ പ്രകാരം മുൻവശത്ത് 7.49 എംഎം കട്ടിയുള്ള ഗ്ലാസ് ബോഡിയുണ്ടാകും. ജനറേറ്റീവ് എഐ ഫീച്ചറുകൾ ഫോണിൽ ഉൾപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ പുതിയ സ്‌മാർട്ട്‌ഫോണിൽ സ്വയം വികസിപ്പിച്ച ഹീറ്റ് ഡിസ്‌സിപ്പേഷൻ മെറ്റീരിയലുകളിൽ നിർമ്മിച്ച പുതിയ ഐസ് കൂളിംഗ് സിസ്റ്റവും റെഡ്മി വാഗ്ദാനം ചെയ്യുന്നു. ആകർഷകമായ ഡിനൈസും ഉറച്ച ബോഡിയിലുമാവും ഇത് എത്തുക. കരുത്തുറ്റ ക്യാമറ, ചിപ്സെറ്റ് ഫീച്ചറുകളുമെല്ലാം ചേർന്ന് കെ70 പ്രോയെ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിലെ മികച്ച ഓപ്ഷായി മാറും. റെഡ്മി കെ70 പ്രോയുടെ അടിസ്ഥാന വേരിയന്റിൽ തന്നെ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടാകും. 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 5500mAh ബാറ്ററിയുണ്ടാകും. ഈ കിടിലൻ ഫീച്ചറുകളെക്കാളെല്ലാം ഏറ്റവും ആകർഷകം ഫോണിന്റെ വിലയാണ്. കുറഞ്ഞ വിലയിലാവും ഈ ഫോൺ വിപണിയിലെത്തുക. മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളുടെ നിലവാരം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്ന തരത്തിൽ മാനദണ്ഡങ്ങൾ പൊളിച്ചെഴുതാൻ ശേഷിയോടെയാണ് റെഡ്മി കെ70 സീരീസ് എത്തുന്നത് എന്നത് വിപണിയിൽ ഏറെ ആവേശം സൃഷ്ടിക്കുന്നുണ്ട്.