മേലാറ്റൂർ: പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ബോംബ് സ്ഫോടനം നടത്തിയെന്ന രീതിയിൽ ദൃശ്യവത്കരണം നടത്തി സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടിൽ മുഹമ്മദ് റിയാസ് (25), ചൊക്രൻ വീട്ടിൽ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസ്മിൻ (19), പറച്ചിക്കോട്ടിൽ സലീം ജിഷാദിയാൻ (20), മേലേടത്ത് വീട്ടിൽ സൽമാനുൽ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമ ഡയലോഗ് ഉൾപ്പെടുത്തി മേലാറ്റൂർ സ്റ്റേഷൻ കെട്ടിടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും കെട്ടിടം തീപിടിച്ച് തകരുന്നത് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിർമിക്കുകയും ചെയ്തതാണ് വിഡിയോ. ആർ.ഡി വ്ലോഗ് എന്ന സമൂഹമാധ്യമ അക്കൗണ്ട് വഴി ഇൻസ്റ്റഗ്രാമിലും യുട്യൂബിലും പോലീസ് കെട്ടിടം ബോംബ് വെച്ച് തകർക്കുന്നതായുള്ള വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിലൂടെ ലഹള സൃഷ്ടിക്കൽ, സോഷ്യൽമീഡിയ വഴി പോലീസിനെ അപകീർത്തിപ്പെടുത്തൽ കേസിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. എല്ലാവരെയും സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.