പട്‌ന : സനാതന ധര്‍മത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിന് സമന്‍സ് അയച്ച് കോടതി. ബിഹാറിലെ പട്‌നയിലെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13-ന് കോടതി മുന്‍പാകെ ഹാജരാകണം എന്നാണ് സമന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഉദയനിധിയ്‌ക്കെതിരേ രണ്ട് പെറ്റീഷനുകളാണ് കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്.
മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പട്‌ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് വെവ്വേറെ പെറ്റീഷനുകള്‍ നല്‍കിയത്. വിവാദ പരാമര്‍ശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് രണ്ട് ഹര്‍ജിക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്.