ജയ്പൂർ: ഗർഭിണിയായ യുവതിക്ക് ഗ്രൂപ്പ് മാറി രക്തം കൊടുത്തെന്ന ആരോപണവുമായി ബന്ധുക്കൾ. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. എന്നാൽ യുവതിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു എന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ജയ്പൂരിലുള്ള സവായ് മാൻസിങ് ആശുപത്രിയിലാണ് സംഭവം. മേയ് 12നാണ് 23കാരിയായ ഗർഭിണിയായ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിൽ ഹീമോഗ്ലോബിൻ നില അപകടകരമായ തരത്തിൽ കുറവായിരുന്നു. ഇതിന് പുറമെ ക്ഷയ രോഗത്തിന്റെ ഗുരുതരാവസ്ഥയായ മിലിയറി ട്യൂബർകുലോസിസ് ബാധിക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.
ചികിത്സയിൽ കഴിയവെ മേയ് 21ന് യുവതി മരിച്ചു. ചികിത്സയ്ക്കിടെ മേയ് 19ന് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് യുവതിക്ക് നൽകാനായി രക്തം എത്തിച്ചു. പരിശോധനയിൽ രോഗിയുടെ രക്തഗ്രൂപ്പ് എ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ രോഗിക്ക് ആശുപത്രിയിൽ വെച്ച് രക്തം നൽകി. എന്നാൽ പിന്നീട് നൽകിയ രക്തം ബി പോസിറ്റീവ് ഗ്രൂപ്പിലുള്ളതായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഗ്രൂപ്പ് മാറി രക്തം നൽകിയതുമൂലം രോഗിക്ക് ഗുരുതര പ്രശ്നങ്ങളുണ്ടായതായി ബന്ധുക്കൾ പറയുന്നു.