മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനിയായ എസ്ബിഐ കാർഡ്സും ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ റിലയൻസുമായി ചേർന്ന് റിലയൻസ് എസ്ബിഐ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായാണ് കാർഡ് അവതരിപ്പിക്കുന്നത്. റിലയൻസ് എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് പ്രൈം എന്നിങ്ങനെ രണ്ടു പതിപ്പുകളുണ്ട്. പലചരക്കു സാധനങ്ങൾ മുതൽ ജ്വല്ലറി വരെയുള്ള റിലയൻസിന്റെ റീട്ടെയ്ൽ ഷോപ്പുകളിൽ നിന്നുള്ള പർച്ചേസുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതാണ് കാർഡുകൾ. ഉപയോക്താക്കൾക്കു ലോകോത്തര ഷോപ്പിംഗ് അനുഭവം പ്രാപ്യമാക്കുകയാണു ലക്ഷ്യമെന്ന് എസ്ബിഐ കാർഡ്സ് എംഡിയും സിഇഒയുമായ അഭിജിത് ചക്രവർത്തി പറഞ്ഞു. രാജ്യത്തെ കോ– ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ ഏറ്റവും വലുതായിരിക്കും ഇത്.
റിലയൻസ് സ്മാർട്, റിലയൻസ് ബസാർ, റിലയൻസ് ഫ്രഷ്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രെൻഡ്സ്, ജിയോ മാർട്ട്, അജിയോ, റിലയൻസ് ജ്യുവൽസ്, അർബൻ ലാഡർ, നെറ്റ്മെഡ്സ്, തുടങ്ങിയ റീട്ടെയ്ൽ ഔട്‌ലെറ്റുകളിലെല്ലാം പ്രത്യേക റിവാർഡുകളും കിഴിവുകളും ലഭിക്കും. റിലയൻസ് റീട്ടെയ്ൽ ഔട്‌ലെറ്റുകളിലെ 100 രൂപയുടെ പർച്ചേസിന് (യുപിഐ ഒഴികെ) 10 റിവാർഡ് പോയിന്റ് പ്രൈം കാർഡിനും സാധാരണ കാർഡിന് 5 പോയിന്റും. എല്ലാ പെട്രോൾ പമ്പുകളിലും 1% ഇന്ധന സർചാർജ് ഒഴിവാക്കും. ബുക്‌മൈ ഷോയിൽ പ്രതിമാസം 250 രൂപയുടെ ടിക്കറ്റ്, ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിൽ 8ഉം രാജ്യാന്തര ലോഞ്ചുകളിൽ 4ഉം കോംപ്ലിമെന്ററി വിസിറ്റ് എന്നിവ പ്രൈം കാർഡിന്.