പത്തനംതിട്ട : ജില്ലയില്‍ മേയ് 26 മുതല്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനസജ്ജമെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. മേയ് 26 ന് ജില്ലയില്‍ ചുവപ്പ് അറിയിപ്പ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ജില്ലയില്‍ 230 ക്യാമ്പുകളുണ്ട്. ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ സൗകര്യം ഉറപ്പാക്കും. തഹസില്‍ദാര്‍മാര്‍ക്കാണ് മേല്‍നോട്ടം. ക്യാമ്പില്‍ എത്ര പേര്‍ക്ക് താമസിക്കാന്‍ കഴിയുമെന്ന പട്ടിക തയ്യാറാക്കും.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യത് പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ക്യാമ്പുകളില്‍ എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുളള 60 പ്രദേശങ്ങളുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ പ്രത്യേകപദ്ധതി തയ്യാറാക്കും. ഈ പ്രദേശത്തെ താമസക്കാരുടെ ഫോണ്‍ നമ്പര്‍ തദ്ദേശസ്ഥാപനം വഴി ശേഖരിക്കും.
വെള്ളം ഉയരുമ്പോള്‍ ഒറ്റപ്പെടുന്ന അരയാഞ്ഞിലിമണ്‍, കുറുമ്പന്‍മൂഴി തുടങ്ങിയ പട്ടികവര്‍ഗ മേഖലയില്‍ ഭക്ഷണസാധനം ഉറപ്പാക്കും ഗര്‍ഭിണികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി.
താലൂക്ക് അടിയന്തിര കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. ദുരന്തനിവാരണ ഉപകരണങ്ങള്‍ തദേശ സ്ഥാപനങ്ങളില്‍ ഉറപ്പാക്കും. ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് പൊതുജനങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം പ്രവേശനോത്സവത്തിന് മുന്‍പ് സ്‌കൂളിന്റെ ഫിറ്റ്നെസ് പരിശോധിച്ച് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല സബ്കളക്ടര്‍, അടൂര്‍ ആര്‍ഡിഒ എന്നിവര്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍ കുമാര്‍, തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ. എസ്. നൈസാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.