തിരുവല്ല : തുലാമഴയിൽ നഷ്ടംനേരിട്ട നെൽക്കർഷകർക്ക് സഹായം ലഭിക്കാൻ വൈകുന്നു. നവംബർ അവസാനം, വിത്തുവിതച്ച സമയത്താണ് തുലാമഴ കനത്തത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ നിരവധി കർഷകരുടെ നെൽക്കൃഷി വിതച്ചപാടെ നശിച്ചിരുന്നു. ബണ്ട് തകർന്നും, വെള്ളം കെട്ടിനിന്നുമാണ് പ്രധാനമായും നശിച്ചത്. ബണ്ടുകൾ പൂർവസ്ഥിതിയിലാക്കുക, വെള്ളം വറ്റിക്കുന്നതിനുള്ള പെട്ടിയും മോട്ടോറും വെച്ചിരിക്കുന്ന തറ നന്നാക്കുക, നഷ്ടപ്പെട്ട വിത്തിന് പകരം പുതിയത് നൽകുക തുടങ്ങിയവയാണ് കർഷകർക്ക് ഉടൻ ലഭ്യമാക്കേണ്ട സഹായങ്ങൾ. ഒരുമാസം പിന്നിട്ടിട്ടും മിക്ക പാടങ്ങളിലും സഹായം എത്തിയിട്ടില്ല.
ബണ്ട് നന്നാക്കൽ, മോട്ടോർതറ നന്നാക്കൽ എന്നിവയ്ക്ക് ഒരിടത്തും കൃഷിവകുപ്പിൽനിന്ന് പണം ലഭിച്ചില്ല. പുതിയവിത്ത് കോട്ടയം ജില്ലയിലെ ചില കൃഷിഭവൻ പരിധിയിൽ വിതരണം ചെയ്തു. പത്തനംതിട്ടയിൽ ഒരിടത്തും വിത്ത് ലഭ്യമാക്കിയില്ല.
നവംബർ ഒടുക്കവും ഡിസംബർ ആദ്യവും വിത നടക്കുന്ന പാടങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി രണ്ടായിരത്തോളം കർഷകരുടെ കൃഷിക്ക് നാശമുണ്ടായെന്നാണ് കൃഷിവകുപ്പ് പ്രാഥമികമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ഉള്ളത്. പത്തനംതിട്ടയിൽ മാത്രം 676 കർഷകരുടെ 598 ഹെക്ടറിൽ വിത നശിച്ചു. പൂവം-കാപ്പോണപ്പുറം ഉൾപ്പെടുന്ന രണ്ടായിരം ഏക്കർ പാടത്ത് നാലിടങ്ങളിലായി പലവട്ടം ബണ്ടുകൾ തകർന്നു. വിത 90 ശതമാനം പൂർത്തീകരിച്ചപ്പോഴാണ് മടവീഴ്ച. തകർന്ന ബണ്ടുകൾ കർഷകർതന്നെ വലിയ തുകമുടക്കി പൂർവസ്ഥിതിയിലാക്കി. ചെലവിട്ട പണം കൃഷിസമിതികളിലൂടെ കർഷകർക്ക് മടക്കി നൽകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ എന്ന് നൽകാനാകുമെന്ന് ഉറപ്പില്ല. കർഷകർക്ക് സൗജന്യവിത്ത് ലഭിച്ചതുമില്ല.