തിരുവനന്തപുരം : കുടിശ്ശികയായതിൽ രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിഷുവിനുമുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു . 3200 രൂപവീതം 55 ലക്ഷത്തോളം കുടുംബാംഗങ്ങൾക്ക് ലഭിക്കും. ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണംചെയ്യാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. പണം ശനിയാഴ്ചയോടെ ഗുണഭോക്താക്കളുടെ കൈകളിൽ എത്തിത്തുടങ്ങും. മാർച്ചുമാസംകൂടി കണക്കിലെടുത്താൽ ഇനി നാലുമാസത്തെ പെൻഷൻ കുടിശ്ശികയാണ്.
രണ്ടുമാസത്തെ പെൻഷന് 1700 കോടിരൂപ വേണം. പെൻഷൻ നൽകാൻ സാമൂഹികസുരക്ഷാ പെൻഷൻകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. ശനിയാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വരും. സ്ഥിരംപദ്ധതിയായതിനാൽ ക്ഷേമപെൻഷൻ നൽകാൻ തടസ്സമില്ല. സാമ്പത്തികാനുകൂല്യം പ്രഖ്യാപിക്കുന്നത് തർക്കത്തിനിടയാക്കുമോയെന്ന ആശങ്കയുള്ളതിനാലാണ് വെള്ളിയാഴ്ചതന്നെ പെൻഷൻകമ്പനിക്ക് ഉത്തരവ് നൽകിയിരിക്കുന്നത്.