തിരുവനന്തപുരം : നഷ്ടക്കണക്കുകൾ നിറഞ്ഞ ജീവിതത്തിലേക്ക് ഇടയ്ക് ഒക്കെ മനസ്സ് കൊണ്ട് മടങ്ങിപ്പോകാറുണ്ടായിരുന്നു ഉദയഭാനു. അമ്മയെ നഷ്ടപ്പെട്ടത് എട്ടാം വയസ്സിൽ. തൊട്ടു പിന്നാലെ അച്ഛനുമായും പിരിയേണ്ടി വന്നു. സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിലുമുണ്ടായി തിരിച്ചടി. പാടാന്‍ ചെന്നപ്പോള്‍ അറിയുന്നു ആ പാട്ടുകള്‍ മറ്റൊരു പ്രശസ്ത ഗായകനെ കൊണ്ട് പാടിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചു കഴിഞ്ഞു എന്ന്. സംഗീത സംവിധായകന്‍ കെ രാഘവന്‍റെ വാശി തന്നെ വേണ്ടി വന്നു. ഒടുവില്‍ നായര് പിടിച്ച പുലിവാലില്‍ ഭാനുവിനു പാടാനുള്ള വഴി തെളിയാൻ.
ഉമ്മ എന്ന സിനിമയില്‍ പാടാന്‍ ബാബുരാജ് ചെന്നൈയിലേക്ക് വിളിച്ചു കൊണ്ട് പോയത് മറ്റൊരു നഷ്ടസ്മരണ. ചെന്നപ്പോള്‍ പാട്ടുകാരന്‍ മാറിയിരിക്കുന്നു. പാടാന്‍ ചെന്ന ഉദയഭാനു, താന്‍ പാടിപ്പഠിച്ച പാട്ടുകള്‍ എ എം രാജയെ പഠിപ്പിച്ചു മടങ്ങി എന്നതാണ് കഥാന്ത്യം. റോസിയിലെ പ്രശസ്തമായ അല്ലിയാമ്പല്‍ കടവില്‍ അസുഖം മൂലം യേശുദാസിലേക്ക് വഴുതി നീങ്ങിയപ്പോഴുംവിധിയുടെ കളി നിസ്സംഗമായി കണ്ടു നില്‍ക്കുക മാത്രം ചെയ്തു ഭാനു.
സംഗീത സംവിധായകനായ ഉദയഭാനുവിനെ തനിക്കറിയില്ലെന്ന് പറഞ്ഞു നിർദയം ഇറക്കി വിട്ട പ്രശസ്ത സംവിധായകന്‍റെ കഥ വേറെ. പുറത്തറിഞ്ഞവയും അറിയാത്തവയുമായി അങ്ങനെ എത്രയെത്ര ദുരനുഭവങ്ങൾ. എന്നിട്ടും ജീവിതത്തെ മതിമറന്നു സ്നേഹിച്ചു ഉദയഭാനു. ഹൃദയം കൊണ്ടും ശബ്ദം കൊണ്ടും. ഭാനുവിനു പാടാൻ വേണ്ടി ഭാസ്കരൻ മാസ്റ്റർ എഴുതിയ വരികളിൽ നിന്ന് വായിച്ചെടുക്കാം ആ മനസ്സ്. വെണ്ണീറാകും വ്യാമോഹം, ഒരു നാൾ മണ്ണായ്ത്തീരും ദേഹം, മണ്ണടിയില്ലാ മഹിയിതിയിലെന്നും നിർമലമാം അനുരാഗം, നമ്മുടെ സുന്ദരമാം അനുരാഗം … ”
സിനിമയില്‍ വിഷാദഗാന സമ്രാട്ട് ആയിരുന്നെങ്കിലും ആഘോഷഭരിതമായിരുന്നു ഉദയഭാനുവിന്‍റെ ജീവിതം. വിവിധ വര്‍ണ്ണങ്ങളിലും വലിപ്പങ്ങളിലും രൂപങ്ങളിലും ഉള്ള തലപ്പാവുകള്‍, വിചിത്രമായ ഡിസൈനുകളില്‍ ഉള്ള കുപ്പായങ്ങള്‍, ഏറ്റവും പുതിയ ഫാഷനിലുള്ള ബെര്‍മുഡകള്‍, കൂളിംഗ് ഗ്ലാസുകള്‍, വിദേശ നിര്‍മ്മിത പെര്‍ഫ്യൂമുകൾ. ഇതൊന്നുമില്ലാതെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല അദ്ദേഹത്തെ. എന്ത് കൊണ്ട് ഈ ആര്‍ഭാടങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ ഉദയഭാനു നല്‍കിയ മറുപടി ഓര്‍മ്മയുണ്ട്. ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടണം എന്ന മോഹം തന്നെയാണ് കാരണം. പിന്നെ പൊതുവെ ഒരു റൊമാന്റിക് ആണ് ഞാന്‍. പ്രണയവും യൗവനവും എക്കാലവും ഉള്ളില്‍ കൊണ്ട് നടക്കണം എന്ന് ആഗ്രഹിക്കുന്ന ആള്‍. ആ നിത്യകാമുകനെ ജീവിതാവസാനം വരെ ഉള്ളിൽ കൊണ്ടുനടന്നു ഉദയഭാനു.
പതിറ്റാണ്ടുകളോളം മലയാളിയുടെ സംഗീത മനസ്സിൽ ആർദ്രമായി പെയ്തിറങ്ങിയ ആ ശബ്ദം നിലയ്ക്കുന്നതിനു കുറച്ചുകാലം മുൻപ് ഉദയഭാനുവിനെ അദ്ദേഹത്തിൻറെ ഫ്ലാറ്റിൽ ചെന്ന് കണ്ടതോർക്കുന്നു. പൂർണ്ണമായും ശയ്യാവലംബിയായിട്ടില്ല അന്നദ്ദേഹം. തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്ന അവാർഡുകൾക്കും ഉപഹാര ദീപങ്ങൾക്കും മെമന്റോകൾക്കും നടുവിൽ വീൽചെയറിൽ ഇരുന്നു ഉദയഭാനു പാടിത്തന്നതേറെയും മുകേഷിന്റെ പാട്ടുകളാണ് — ദോ റോസ് മേ വോ പ്യാർ കാ ആലം ഗുസര്‍ ഗയാ, കഹി ദൂർ ജബ് ദിൻ ഡൽ ജായേ, സാരംഗാ തെരീ യാദ് മേ…. വിഷാദ ഗാനങ്ങളോട് എനിക്കൽപ്പം മമത കൂടുതലുണ്ട് പണ്ടേ. പ്രത്യേകിച്ച് മുകേഷിന്റെ പാട്ടുകളോട് ഭാനു പറഞ്ഞു.
മുകേഷ് ആയിരുന്നു ബാബുരാജിന്‍റെയും ഇഷ്ട ഗായകന്‍. സിനിമാ ജീവിതത്തിന്‍റെ ആരംഭ കാലത്ത് മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ സ്വന്തം മുറിയിലിരുന്നു ഒരു രാത്രി മുഴുവൻ എന്നെക്കൊണ്ട് മുകേഷിന്റെ പാട്ടുകള്‍ പാടിച്ചിട്ടുണ്ട് ബാബു. വിഷാദ ഗാനങ്ങളാണ് എന്റെ ശബ്ദത്തിന് ഇണങ്ങുക എന്ന് വിശ്വസിച്ചു അദ്ദേഹം. നിണമണിഞ്ഞ കാല്പാടുകളിലെ അനുരാഗ നാടകത്തില്‍, ലൈലാമജ്നുവിലെ ചുടു കണ്ണീരാല്‍…. ലൈലാ മജ്‌നുവിലെ പ്രണയ ഗാനമായ താരമേ താരമേയില്‍ പോലും ഉണ്ട് നേരത്ത വിഷാദ സ്പർശം. ദുഖിച്ചു മടുത്തു. ഇനി കുറച്ചു സന്തോഷമുള്ള പാട്ടുകള്‍ തന്നുകൂടെ എന്ന് ചോദിച്ചപ്പോഴാണ് മായാവിയിലെ വള കിലുക്കും വാനമ്പാടി, തറവാട്ടമ്മയിലെ ഉടലുകൾ അറിയാതുയിരുകൾ രണ്ടും, തങ്കക്കുടത്തിലെ മന്ദാര പുഞ്ചിരി, കുട്ടിക്കുപ്പായത്തിലെ പൊൻവളയില്ലെങ്കിലും എന്നീ പാട്ടുകളൊക്കെ തന്നത്.
ആദ്യമായി ഉദയഭാനുവിനെ കണ്ടതു കോഴിക്കോട്ട് കുന്നക്കുടി വൈദ്യനാഥന്റെ ഒരു വയലിന്‍ കച്ചേരിക്കിടയിലാണ്. ഇടവേളയില്‍ മലയാളത്തിലെ പ്രമുഖ ഗായകനെ ആരോ കുന്നക്കുടിക്ക് പരിചയപ്പെടുത്തിയപ്പോള്‍, കണ്ണടയ്ക്കുള്ളിലൂടെ ഭാനുവിനെ ചുഴിഞ്ഞു നോക്കി ചിരിച്ച് വയലിന്‍ സമ്രാട്ട് `ഇടനില’ക്കാരനോട് പറഞ്ഞു. താങ്കള്‍ ജനിക്കും മുന്‍പേ എനിക്ക് ഈ സാറിനെ അറിയാം. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലെ അദ്ദേഹത്തിൻറെ പാട്ടിനു വയലിന്‍ വായിച്ചത് ഞാനാണ് . ഭാവഗാംഭീര്യമാർന്ന ആ ആലാപനത്തിൽ മുഴുകിയിരുന്നു വയലിൻ മീട്ടാൻ മറന്നു പോയത് ഇന്നലെ എന്നപോലെ ഓർക്കുന്നു … ” ഉദയഭാനുവിനെ പോലും അത്ഭുതപ്പെടുത്തിയ വെളിപ്പെടുത്തല്‍. മനസ്സ് കൊണ്ട് ബാബുരാജിന് നന്ദി പറഞ്ഞിരിക്കണം അദ്ദേഹം .
മറ്റു സംഗീത സംവിധായകർക്ക് വേണ്ടിയും പാടി ഭാനു. എണ്ണത്തിൽ കുറവായിരുന്നു ആ പാട്ടുകൾ എന്ന് മാത്രം. ഓരോ സംഗീത സംവിധായകന്റെയും ഏറ്റവും മികച്ച സൃഷ്ടികളുടെ കണക്കെടുത്താൽ അവയിലെല്ലാമുണ്ടാകും ഉദയഭാനുവിന്റെ ഒരു പാട്ടെങ്കിലും. പുതിയ ആകാശം പുതിയ ഭൂമിയിലെ താമരത്തുമ്പീ വാ വാ (എം ബി ശ്രീനിവാസൻ ), സത്യഭാമയിലെ വാടരുതീ മലരിനി (ദക്ഷിണാമൂർത്തി ), കളഞ്ഞു കിട്ടിയ തങ്കത്തിലെ എവിടെ നിന്നോ എവിടെ നിന്നോ (ദേവരാജൻ ) എന്നീ ഗാനങ്ങൾ ഓർക്കുക. സംഗീത സംവിധായകനായ ഉദയഭാനുവിനെ എന്നെന്നും ഓർക്കാൻ രണ്ടേ രണ്ടു പാട്ടുകൾ മതി — മയിൽപ്പീലി എന്ന പുറത്തിറങ്ങാതെ പോയ ചിത്രത്തിന് വേണ്ടി ഓ എൻ വി എഴുതി യേശുദാസ് പാടിയ ഇന്ദുസുന്ദര സുസ്മിതം തൂകും, പിന്നെ സമസ്യയിലെ കിളി ചിലച്ചു. ശബരിഗിരീശ്വര സൗഭാഗ്യദായക (രചന: കെ ജി സേതുനാഥ്) എന്ന അയ്യപ്പ ഭക്തി ഗാനം മറ്റൊരു അനിർവാച്യമായ സംഗീതാനുഭവം.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.