കല്‍പ്പറ്റ : നെഹ്രു കുടുംബത്തിലെ മൂന്ന് തലമുറയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ അത്യപൂര്‍വ്വമായ അവസരം ലഭിച്ച ഒരാളാണ് രമേശ് ചെന്നിത്തല. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താന്‍ കഴിഞ്ഞ ഏക മലയാളിയെന്ന അസുലഭ നേട്ടമാണ് ചെന്നിത്തലയ്ക്ക് കൈവന്നിരിക്കുന്നത്. കല്‍പ്പറ്റയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗവും തര്‍ജ്ജമ ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു.
1982 മുതല്‍ ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തി വന്ന യുവനേതാവായിരുന്നു രമേശ് ചെന്നിത്തല. കെ.എസ്.യു പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് രാജീവ് ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തെ എന്‍.എസ്.യു.ഐ പ്രസിഡന്റായി ഇന്ദിരാഗാന്ധി നിയമിച്ചത്. പ്രാധാനമന്ത്രി ഇന്ദിരാഗാന്ധി കേരളത്തില്‍ വന്ന് നടത്തിയ പല തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പരിഭാഷകനാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പരിഭാഷകനായി തിളങ്ങാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാജീവിന് ശേഷം സോണിയാ ഗാന്ധിയുടെ പ്രസംഗവും പരിഭാഷപ്പെടുത്താനുള്ള നിയോഗവും ചെന്നിത്തലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നെഹ്രു കുടുംബത്തിലെ മൂന്നാം തലമുറക്കാരന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ രമേശല്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് മറ്റൊരാളെക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നിയോഗം തന്നെയാണിത്.
1982-ല്‍ നാഗ്പൂരില്‍ നടന്ന എന്‍എസ്‌യുഐയുടെ സമ്മേളനത്തില്‍ വെച്ച് രമേശ് ചെന്നിത്തലയുടെ ഹിന്ദിയിലുള്ള പ്രസംഗം ഇന്ദിരാ ഗാന്ധിയ്ക്ക് വളരെ മതിപ്പുണ്ടാക്കിയതാണ്. ഒരു തെക്കേ ഇന്ത്യക്കാരനായ ചെറുപ്പക്കാരന്‍ അനായാസം ഹിന്ദിയില്‍ പ്രസംഗിക്കുന്നത് അന്നവിടെ കൂടിയിരുന്നവരില്‍ ആവേശം ജനിപ്പിച്ച ഒന്നായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രാവിണ്യം കൊണ്ടാണ് അദ്ദേഹത്തിന് കോണ്‍ഗ്രസിലെ ദേശീയ തലത്തിലും ശോഭിക്കാന്‍ കഴിഞ്ഞത്.