ഡല്‍ഹി: റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പദ്ധതിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. രാജ്യത്തെ എട്ട് ദേശീയ പാർട്ടികളുമായും 40 പ്രാദേശിക പാർട്ടുകളുമായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ കക്ഷികളുടെ രേഖാമൂലമുള്ള അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെ നീട്ടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നിർദ്ദേശവുമായി മുന്നോട്ട് പോകുന്നതിന് മുൻപ് ആഭ്യന്തര കുടിയേറ്റക്കാർ എന്ന ആശയം നിർവചിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിലർ ആർവിഎമ്മിന്റെ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഭയപ്പെട്ടു. മറ്റുചിലർ ഡെമോ ആദ്യം സംസ്ഥാനങ്ങളിൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
2022 ഡിസംബർ 28നാണ് റിമോട്ട് വോട്ടിംഗ് സംവിധാനത്തെ കുറിച്ച് എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചത്. യോഗത്തിൽ നിയമപരവും ഭരണപരവുമായ വശങ്ങളും റിമോട്ട് വോട്ടിംഗിന്റെ ലോജിസ്റ്റിക് വെല്ലുവിളികളും സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു. ഡൽഹിയിലെ കോൺസ്റ്റിറ്റൂഷൻ ക്ലബ്ബിലാണ് ചർച്ച നടന്നത്.
വോട്ടർമാർ സ്വന്തം സംസ്ഥാനത്ത് ഇല്ലെങ്കിലും വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആർവിഎം എന്നൊരു ആശയം മുന്നോട്ട് വെച്ചത്. വിഷയത്തിൽ ആഴത്തിലുള്ള ചർച്ചകൾ ആവശ്യമാണെന്നാണ് പാർട്ടികളുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ റിമോട്ട് വോട്ടിംഗ് യന്ത്രത്തിന്റെ പ്രൊട്ടോടൈപ്പ് പ്രദർശനം തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു.
എന്തുകൊണ്ട് ആർവിഎം
ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരു ഉപകരണമായിരിക്കും ആർവിഎം. ഒരു സമയം 72 മണ്ഡലങ്ങൾ വരെ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കും. തങ്ങളുടെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ കോഡ് ഉപയോഗിച്ച് വോട്ടർമാർക്ക് കാണാൻ സാധിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായത്തിൽ കുടിയേറ്റം മൂലം വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയാത്തത് പരിഹരിക്കപ്പെടേണ്ട ഒരു സുപ്രധാന പ്രശ്നമാണ്. പുതിയ സംവിധാനം വോട്ടർമാരുടെ എണ്ണം മെച്ചപ്പെടുത്തുകയും തിരഞ്ഞെടുപ്പിൽ കുടിയേറ്റക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പദ്ധതി നിലവിൽ വരികയാണെങ്കിൽ കുടിയേറ്റ വോട്ടർമാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനായി സ്വന്തം ജില്ലയിലേക്ക് പോകേണ്ടി വരില്ല.
2019ലെ പൊതു തിരഞ്ഞെടുപ്പിൽ 67.4 ശതമാനം വോട്ടർമാരാണ് ഉണ്ടായിരുന്നത്. 30 കോടിയിലധികം വോട്ടർമാർ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടില്ല. കുടിയേറ്റ ജനസംഖ്യയുടെ ഒരു പ്രധാനഭാഗം വോട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് ഇതിന് കാരണം. അതിനാൽ ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടങ്ങൾ എന്നിവയിൽ ഭേദഗതി വരുത്തി റിമോട്ട് വോട്ടിംഗ് ഏർപ്പെടുത്തണമെന്ന് കമ്മിഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാരെ എങ്ങനെ സഹായിക്കും
ഭൂരിഭാഗം പേരും ജോലി, വിവാഹം. പഠനം എന്നിവയ്ക്കായാണ് മറ്റിടങ്ങളിലേക്ക് താമസം മാറുന്നത്. ഇടയ്ക്കിടെ താമസസ്ഥലം മാറുന്ന ഇത്തരത്തിലുള്ളവർ അവരുള്ള സ്ഥലങ്ങളിൽ പേര് ചേർക്കാൻ വിസ്സമതിക്കുന്നുണ്ട്. റിമോട്ട് ഇവിഎമ്മുകൾ ഇതിന് പരിഹാരം കാണുമെന്നാണ് വിലയിരുത്തുന്നത്.