ആലപ്പുഴ : കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ വിലാപയാത്രയെച്ചൊല്ലി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വാക്കേറ്റം. ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെത്തുടര്‍ന്ന് വിലാപയാത്രയുടെ വഴി മാറ്റണമെന്ന് പോലീസ് അറിയിച്ചു. പറ്റില്ലെന്ന് ബിജെപി നേതാക്കള്‍ നിലപാടെടുത്തതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. അഡ്വ.രണ്‍ജിത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വലിയഴീക്കലുള്ള വീട്ടുവളപ്പില്‍ നടക്കും. അതേസമയം ഷാന്റേയും രണ്‍ജിത്തിന്റേയും കൊലപാതകം നാല് സംഘങ്ങള്‍ അന്വേഷിക്കും. അന്വേഷണച്ചുമതലയുളള എഡിജിപി വിജയ് സാഖറെ ആലപ്പുഴയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.
കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി. കൊല്ലപ്പെട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസിന്റെ പോസ്റ്റുമോര്‍ട്ടം വൈകിപ്പിച്ച് അനാദരം കാണിച്ചെന്ന് ജില്ലാ പ്രസിഡന്റ് ആരോപിച്ചു. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് എം.വി ഗോപകുമാര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി സമാധാനയോഗം നിശ്ചയിച്ചിരുന്നത് മൂന്നു മണിക്കാണ്. എന്നാല്‍ അഞ്ചു മണിയിലേക്ക് അത് മാറ്റി. പിന്നീട് സര്‍വ്വകക്ഷി യോഗം നാളത്തേക്ക് (ഡിസംബര്‍ 21) മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മന്ത്രി പി.പ്രസാദ്, എം പിമാര്‍, എം എല്‍ എമാര്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരുകയാണ്.