കാരയ്ക്കാട് : ശ്രീനാരായണ ഗുരുദേവൻ യാത്രാമദ്ധ്യേ വിശ്രമിക്കുകയും ദാഹമകറ്റാൻ വറ്റാത്ത നീരുറവ സൃഷ്ടിക്കുകയും ചെയ്ത പറായ്ക്കൽ പുണ്യതീർത്ഥ മണ്ഡപവും അരയാൽ ചുവടും ക്ഷേത്രപരിസരവും കുളവും നവീകരിക്കുന്നു. രണ്ടാമത് പാറയ്ക്കൽ തീർത്ഥാടനവും ഗുരുദേവന്റെ പാറയ്ക്കൽ സന്ദർശനത്തിന്റെ 110-ാമത് വാർഷികത്തിനും മുന്നോടിയായിട്ടാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. പുണ്യതീർത്ഥ മണ്ഡപം ചെമ്പഴന്തി വയൽവാരം വീടിന്റെ മാതൃകയിൽ പുല്ലുമേഞ്ഞാണ് നവീകരിക്കുന്നത്. ഇവിടെ കൂടുതൽ തീർത്ഥാടകർക്ക് പ്രാർത്ഥന നടത്തുന്നതിനും പൂണ്യതീർത്ഥം ശേഖരിക്കുന്നതിനും സൗകര്യമൊരുക്കി.
ഗുരുദേവൻ വിശ്രമിച്ച അരയാൽ ചുവടും പരിസരവും വെള്ളാരൻ കല്ലുകളിട്ട് മനോഹരമാക്കി. ഗുരുദേവന്റെ വിശ്രമത്തെ അനുസ്മരിച്ച് കരിങ്കല്ലിൽ നിർമ്മിച്ച കസേരയും ഫോട്ടോയും സ്ഥാപിക്കും. പടിക്കെട്ടുകളിൽ കയറിൽ തീർത്ത കൈവരികൾ സ്ഥാപിച്ചു. പടിക്കെട്ടുകളോട് ചേർന്നുള്ള ഭാഗത്ത് പുൽമെത്തവിരിച്ച് മനോഹരമാക്കി. കുളത്തിനുചുറ്റും പൂന്തോട്ടമൊരുക്കി. ഗുരുക്ഷേത്രത്തിൽ പുതിയ കൊടിമരം സ്ഥാപിച്ചു. തീർത്ഥാടന കേന്ദ്രത്തിന് ചുറ്റുവട്ടത്ത് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുന്നു. ഗുരുദേവന്റെ ദർശനങ്ങളെ ഉൾക്കൊണ്ട് പ്രകൃതി സൗഹൃദരീതിയിലാണ് നവീകരണം. തീർത്ഥാടനത്തിന് മുന്നോടിയായി പുണ്യതീർത്ഥ മണ്ഡപത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ശുചീകരണം നടത്തും.