മല്ലപ്പള്ളി : കീഴ് വായ്പൂര് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിന്റെ നവീകരണം അവസാന ഘട്ടത്തിൽ. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം പ്രവർത്തനം മല്ലപ്പള്ളിയിലെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പഞ്ചായത്ത് കോംപ്ലക്സിലേക്ക് മാറ്റിയിരുന്നു. മല്ലപ്പള്ളി പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ തകർന്ന് മരങ്ങളും കാടും വളർന്ന് തകർച്ചയുടെ പാതയിലായിരുന്നു. മേൽക്കൂര മാറ്റി പുതിയതു സ്ഥാപിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിന് മുമ്പ് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാലാണ് അറ്റകുറ്റപ്പണികൾ മുമ്പ് നടത്താതിരുന്നതെന്നാണ് വർഷങ്ങളായി അധികൃതർ പറഞ്ഞിരുന്നത്.
പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനായി തുകയും വകക്കൊള്ളിച്ചിരുന്നുവെന്നും അന്ന് അറിയിച്ചിരുന്നു. എന്നാൽ പുതിയ കെട്ടിടം ഉയർന്നില്ലെന്നു മാത്രമല്ല പഴയം കെട്ടിടം തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതായും വാർത്ത വന്നതോടെ നിലവിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് 2022-2023 ലെ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി. എന്നാൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കാതിരുന്നതിനെ തുടർന്ന് പദ്ധതി സ്പിൽ ഓവറായി. തുടർന്ന് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതോടെയാണ് നവീകരണ പ്രവർത്തികൾ ആരംഭിച്ചത്.കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പുറമെ മേൽക്കൂരയുടെ റൂഫിംഗും പൂർത്തിയായി. വയറിംഗ് പ്ലംബിംഗ് ജോലികളാണ് എനിയും അവശേഷിക്കുന്നത്.