സീതത്തോട് : മണിയാർ ബാരേജിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സംഭരണിയിലെ ജല നിരപ്പ് ഉയർന്ന നിലയിൽ തുടർന്നാൽ നവീകരണ ജോലി വൈകുമെന്ന് അധികൃതർ. രണ്ടാമത്തെ സ്ലൂയിസ് വാൽവ് തുറക്കുന്ന ജോലികൾ അടുത്ത ആഴ്ച ആരംഭിക്കും. 1976 ലാണ് ബാരേജ് കമ്മിഷൻ ചെയ്യുന്നത്. ഇതിനു ശേഷം ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇതുവരെ പ്രവർത്തിപ്പിച്ചത്. ഇതിനോടകം ഷട്ടറുകൾ പലതും ഉയർത്താൻ കഴിയാതാവുകയും സംഭരണിയിൽ ചെളി മൂടുകയും ചെയ്തതോടെ ജലം സംഭരിക്കുന്നതിന്റെ ശേഷി വളരെ കുറഞ്ഞു.
തുടർന്നാണ് ബാരേജിന്റെ മെക്കാനിക്കൽ വിഭാഗം പൂർണമായും നവീകരിക്കാൻ തീരുമാനിക്കുന്നത്. ഇതിനോടകം ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്ന ഭാഗത്തെ ഫ്ലാറ്റ് ഫോം പുനഃസ്ഥാപിച്ച് കഴിഞ്ഞു. 5 ഷട്ടറുകളുടെയും പഴയ ചെയിനുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. പുതിയ ഷട്ടറുകൾ ഉറപ്പിക്കുന്നതിനുള്ള കൂറ്റൻ ഗർഡർ സ്ഥാപിക്കുന്നതിനായി കോൺക്രീറ്റിനുള്ളിലുള്ള പഴയ ഗർഡർ നീക്കം ചെയ്യുന്ന ജോലികളാണ് പ്രധാനമായും നടക്കുന്നത്. ഇതിനാവശ്യമായ യന്ത്രോപകരണങ്ങൾ എല്ലാം സൈറ്റിൽ എത്തിയിട്ടുണ്ട്.