കൊച്ചി : ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷം. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ജില്ലാ കളക്ടറുടെ കമന്റ് ബോക്‌സ് നിറയെ അവധി പ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്. .
കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു.7 മണി മുതല്‍ സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്ന കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. മാത്രമല്ല മക്കളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട്. ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു. പ്രിയകളക്ടര്‍, രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം എന്ന് പറഞ്ഞാല്‍ തെറ്റാകുമെങ്കില്‍ ക്ഷമിക്കുക എന്നാണ് മറ്റൊരു കമന്റ്. പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല, വിട്ടത് പോലെ തിരിച്ചു വരാന്‍.. നനഞ്ഞ് ചീഞ്ഞ് സ്‌കൂളില്‍ എത്തിയ പിള്ളേരെ ഇനി… എന്നൊരാള്‍ അഭിപ്രായപ്പെട്ടു. കളക്ടറുടെ പേജിൽ രൂക്ഷ വിമർശണം ഉണ്ടായ ഉടന്‍ തന്നെ കളക്ടര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
കളക്ടറുടെ പേജിൽ രൂക്ഷ വിമർശനത്തിന് ശേഷം വന്ന കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ്. മഴ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം.
ജില്ലയിലെ സ്‌കൂളുകൾ ആരംഭിക്കുന്നത് 8.30നാണ്. സ്‌കൂൾ ആരംഭിക്കാൻ വെറും അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ 8.25ന് കളക്ടർ നടത്തിയ അവധി പ്രഖ്യാപനം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. ഇതോടെ കളക്ടറുടെ പേജിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. ഉടന്‍ തന്നെ കളക്ടര്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു.