ഡല്‍ഹി: 2018ല്‍ പാര്‍ലമെന്റില്‍ നടത്തിയ ‘ശൂര്‍പ്പണഖ’ പരാമര്‍ശത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. ട്വീറ്റിലാണ് രേണുക ചൗധരി ഇക്കാര്യം അറിയിച്ചത്. ‘ഇനി എത്ര വേഗത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാം…’ മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് രേണുക ചൗധരിയുടെ ട്വീറ്റ്. മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് രേണുക ചൌധരിയുടെ പ്രതികരണം.
പാര്‍ലമെന്റില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചപ്പോള്‍ ‘രേണുകജിയെ ഒന്നും പറയരുത്. രാമായണം പരമ്പരയ്ക്ക് ശേഷം ഇത്തരത്തിലുള്ള ചിരി നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞു, എന്നാണ് മോദി പറഞ്ഞത്. മോദി ഉദ്ദേശിച്ചത് ശൂര്‍പ്പണഖയെ ആണെന്നാണ് രേണുക ചൌധരിയുടെ ആരോപണം. അതേസമയം ‘ശൂര്‍പ്പണഖ’ എന്ന വാക്ക് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ കോടതിയിലേക്ക് നീങ്ങാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവിനെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഓര്‍മ്മിപ്പിച്ചു.