ബംഗലൂരു: രേണുകാസ്വാമി കൊലപാതകക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന് ഇടക്കാല ജാമ്യം. ചികിത്സയ്ക്കായി ആറ് ആഴ്ചത്തേക്കാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നട്ടെല്ലില്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ദര്‍ശന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ദര്‍ശന്റെ രണ്ട് കാലുകള്‍ക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും, മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താനായി ജാമ്യം അനുവദിക്കണമെന്നും നടന്റെ അഭിഭാഷകന്‍ നാഗേഷ് ആവശ്യപ്പെട്ടു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും നടന്‍ വഹിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഇടക്കാല ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എത്ര ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവരുമെന്ന് പ്രതിഭാഗം നല്‍കിയ രേഖകളില്‍ വ്യക്തമല്ല. ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്താവുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദര്‍ശന്‍ തടവില്‍ കഴിയുന്ന ബല്ലാരി സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍മാരുടെയും ബല്ലാരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയുടെയും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മുദ്രവച്ച കവറില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കി.
വിചാരണത്തടവുകാരന് എവിടെ ചികിത്സ നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ച് ചികിത്സയ്ക്കായി ആറ് ആഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. മൈസൂരുവില്‍ തന്നെ ചികിത്സ നടത്തണമെന്ന പ്രതിഭാഗം ആവശ്യം ചോദ്യം ചെയ്ത കോടതി, എന്തുകൊണ്ട് ബംഗളൂരുവില്‍ ചികിത്സിച്ചുകൂടായെന്ന് ചോദിച്ചു. ഇടക്കാല ജാമ്യം സമയപരിധിയുള്ളതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസില്‍ വിചാരണക്കോടതിയുടെ ജാമ്യം നിഷേധിച്ച നടപടി ചോദ്യം ചെയ്ത് ദര്‍ശന്‍ പതിവ് ജാമ്യത്തിന് വീണ്ടും അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണ്. പെണ്‍സുഹൃത്തും നടിയുമായ പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതില്‍ പ്രകോപിതനായി, ആരാധകനായ രേണുകാസ്വാമിയെ ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.