ന്യൂഡൽഹി: സെൻസസ് അനന്തമായി വൈകുന്നത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് റിപ്പോർട്ട്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ റേഷൻ ലഭ്യതയെയാണ് സെൻസസിലെ കാലതാമസം ബാധിക്കുന്നത്. സെൻസസ് വൈകുന്നത് ഇന്ത്യയിലെ ജനങ്ങളെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ മാധ്യമമായ ഇന്ത്യാസ്‌പെൻഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (NFSA) സർക്കാർ ഇപ്പോൾ 80 കോടി ആളുകൾക്കാണ് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. കോടിക്കണക്കിന് അർഹർ ഇപ്പോൾ പട്ടികക്ക് പുറത്താണ്. കൂടുതൽ ആളുകളെ പദ്ധതിയിൽ ഉൾകൊള്ളിക്കുന്ന തരത്തിൽ സെൻസസിന് ശേഷമേ പരിഷ്‌കരണം സാധ്യമാവൂ എന്നായിരുന്നു ഈ വിഷയത്തിൽ സർക്കാരിന്റെ പ്രതികരണം.
സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സംയുക്തമായാണ് പൊതുവിതരണ സംവിധാനം നടത്തുന്നത്. ലഭ്യമായ ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് യോഗ്യരായ കുടുംബങ്ങളെ കണ്ടത്തുന്നത്. 2023-24 ൽ സംസ്ഥാനങ്ങൾക്ക് 8,700 കോടിയിലധികം രൂപയാണ് സബ്സിഡി ഇനത്തിൽ കേന്ദ്രം അനുവദിച്ചത്. സൗജന്യമായുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം രാജ്യമെമ്പാടും നടക്കുന്നുണ്ടെങ്കിലും പോഷകാഹാരക്കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സേവനം ലഭിക്കാത്ത വലിയ വിഭാഗം ആളുകൾ രാജ്യത്തുണ്ട്.