കണ്ണൂർ : കണ്ണൂർ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെയാണ് സംഭവം നടന്നത്. അവസാനത്തെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാർ കയറുന്നതിനു മുമ്പ് ആയതിനാൽ വലിയ അപകടം ഒഴിവായി. രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 4.40ഓടെ ഷണ്ടിങ്ങിനിടെയാണ് അവസാനത്തെ രണ്ട് ബോഗികളിൽ പാളം തെറ്റിയത്. ശേഷം മറ്റ് ഭാഗങ്ങളെല്ലാം ട്രാക്കിൽ എത്തിച്ച് ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.
പ്രധാന ലൈനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ട്രാക്കിൽ കുടുങ്ങിയ രണ്ട് ബോഗികൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ റെയിൽവേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.