തിരുവനന്തപുരം : ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.യു. ജനീഷ്കുമാറിന്‍റെ ശ്രദ്ധക്ഷണിക്കലിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് (CMD) തയ്യാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ധ സമിതി ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. സമിതിയുടെ ശിപാര്‍ശ പരിഗണിച്ച് ഏകദേശം 2,570 ഏക്കര്‍ ഭൂമി വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയ്യാറാക്കുന്നതിന് ഒരു ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.