Thursday, May 15, 2025 3:52 pm

സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കവരാനുള്ള കുത്സിതമായ നീക്കം അംഗീകരിക്കാനാവില്ല : മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെയും അവകാശങ്ങളെയും കവര്‍ന്നെടുക്കാനുള്ള കുത്സിതമായ നീക്കങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമനസുകളില്‍ വര്‍ഗീയതയും വിഭാഗീയതയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ നാം തിരിച്ചറിയണം. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് വിധേയമാകുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ല. മതനിരപേക്ഷതയ്ക്ക് കേരളം മാതൃകയാകുന്നു എന്നത് ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്.

പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനയില്‍ ഏറ്റവും വലുതും സമഗ്രവുമായ ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുമ്പോള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് പോറല്‍ ഏല്‍ക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്ക് ഉണ്ട് എന്നത് മറന്നു പോകരുത്. ജാതിമത, ലിംഗ ഭേദമില്ലാതെ തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഓര്‍മിപ്പിച്ചു കൊണ്ട് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോകുമ്പോള്‍ നമ്മുടെ ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദ്കര്‍ പറഞ്ഞതുപോലെ നമുക്ക് ആദ്യവും അവസാനവും ഇന്ത്യക്കാരായിരിക്കാമെന്നും മന്ത്രി പറഞ്ഞു.

മഹത്തായ ഒരു സംസ്‌കൃതിയിലൂടെ സ്ഫുടം ചെയ്ത മഹനീയ രാഷ്ട്രമാണ് ഇന്ത്യ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന അടിസ്ഥാന ശിലകളില്‍ രൂപം കൊണ്ട ഈ രാഷ്ട്രം കേവലം അതിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല. മഹത്തായ ഒരു സംസ്‌കാരത്തിന്റെ വിളനിലമാണ് ഇന്ത്യ. നമ്മുടെ രാഷ്ട്രനേതാക്കളും അവരോടൊപ്പം അണിചേര്‍ന്ന ജനകോടികളും ഒരു മനസോടെ പ്രവര്‍ത്തിച്ച് നേടിയെടുത്തതാണ് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധീനതയില്‍ നിന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തിലേയ്ക്ക് നാം കടന്നു വന്നപ്പോള്‍ അത് ലോകത്തിന് പുതിയൊരു ചരിത്രമാണ് നല്‍കിയത്. അഹിംസയില്‍ അധിഷ്ഠിതമായ പുതിയൊരു സമരവിജയ ചരിത്രം. ലോകം കണ്ട എക്കാലത്തെയും മഹാനായ, മനുഷ്യസ്‌നേഹിയായ മഹാത്മാ ഗാന്ധിയുടെ ഉജ്ജ്വല നേതൃത്വത്തില്‍ നാം നേടിയത് സമാനതകളില്ലാത്ത ചരിത്രവിജയമായിരുന്നു. പില്‍ക്കാല സമരരംഗങ്ങളില്‍ മാതൃകയാക്കിയ സഹനസമരങ്ങളുടെയെല്ലാം ആവിര്‍ഭാവം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്ര വിജയമാണ്.

വിപ്ലവങ്ങള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. അസമത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും അരക്ഷിതാവസ്ഥയില്‍ വിപ്ലവങ്ങള്‍ അസാധാരണമല്ല. എന്നാല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം ലോകത്തിലെ മറ്റ് വിപ്ലവചരിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഇന്നും നില നില്‍ക്കുന്നു. അതിരുകള്‍ അവസാനിക്കാത്ത സാമ്രാജ്യത്വശക്തികളോട് എതിരിടാന്‍ നമുക്ക് ഉണ്ടായിരുന്നത് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഇച്ഛാശക്തിയാണ്. മഹാത്മാഗാന്ധിയുടെ അഹിംസയില്‍ അധിഷ്ഠിതമായ കരുനീക്കങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ച് നില്‍ക്കാന്‍ എതിരാളികളുടെ ആയുധശക്തിക്കും ധനസ്ഥിതിക്കും കഴിഞ്ഞില്ല. ശക്തവും സുദൃഢവുമായ പിന്തുണ നല്‍കിക്കൊണ്ട് ജനലക്ഷങ്ങള്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നപ്പോള്‍ അതിശക്തരായ അന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് അരങ്ങ് ഒഴിഞ്ഞു കൊടുക്കാനേ കഴിയുമായിരുന്നുള്ളൂ. അനേകം നേതാക്കളുടെയും അനേകായിരം സാധാരണക്കാരുടെയും ജീവത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും ലോകം അംഗീകരിക്കുന്ന ഇന്ത്യ എന്ന പരമാധികാര റിപ്പബ്ലിക്കും.

സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ‘ലോകാസമസ്താ സുഖിനോഭവന്തു’ എന്ന ഭാരതീയ ദര്‍ശനത്തിന്റെ ആധാരശിലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മഹത്തായ ഒരു പ്രമാണ രേഖയാണ് നമ്മുടെ ഭരണഘടന. മഹാപണ്ഡിതനും ദാര്‍ശനികനുമായ ബാബാ സാഹിബ് അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നമ്മുടെ ഭരണഘടന, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാന ശിലയാണ് സമൂഹത്തില്‍ പ്രതിഷ്ഠിച്ചത്. സമൂഹത്തിലെ ഏറ്റവും ദരിദ്രന്റെ രൂപം ഒരോ തീരുമാനത്തിന്റെ മുന്‍പിലും നമ്മുടെ മനസിലുണ്ടാവണമെന്ന് നമ്മെ പഠിപ്പിച്ച മഹാത്മാഗാന്ധിയുടെ സന്ദേശമായിരിക്കണം നമ്മുടെ ഓരോ ചുവടുവയ്പ്പിലും. അസമത്വമില്ലാത്ത ഒരു ഉദാത്ത രാജ്യമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരനേതാക്കളുടെ സ്വപ്നം. ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണ് ഓരോ റിപ്പബ്ലിക് ദിനവും.

മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ നമ്മുടെ സമൂഹത്തിന്റെ വിഭവങ്ങള്‍ സമഭാവനയോടെ പങ്കുവയ്ക്കപ്പെടുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ കണ്ണികളാണ് നാം ഓരോരുത്തരും എന്ന ചിന്ത എല്ലാവരിലും ഉണ്ടാകണം. നമ്മുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഒരു പൗരനെന്ന നിലയിലുള്ള കടമകള്‍ വിസ്മരിക്കാതിരിക്കാനും നമുക്ക് ബാധ്യതയുണ്ട്. അന്തസായി ജീവിക്കാനും, അഭിപ്രായങ്ങള്‍ പറയാനുമുള്ള നമ്മുടെ അവകാശങ്ങള്‍ ആര്‍ക്കും അടിയറവ് വയ്ക്കാനുള്ളതല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കവര്‍ന്നെടുത്ത് അവയ്ക്കുമേല്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളെങ്കിലും വിവിധയിടങ്ങളില്‍ തലപൊക്കുന്നത് വര്‍ത്തമാനകാല സാഹചര്യത്തില്‍ ദൃശ്യമാണ്. വ്യക്തികളുടെ പൗരാവകാശങ്ങള്‍ ഹനിക്കുവാന്‍ ശ്രമിക്കുന്ന സംഘടിത നീക്കങ്ങളെ നിരുല്‍സാഹപ്പെടുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ട്.

ഒരു പരമാധികാര റിപ്പബ്ലിക്കില്‍ ഓരോ വ്യക്തിയും പരമാധികാരമുള്ള പൗരനാണ്. അതേസമയം പൗരധര്‍മ്മം പാലിക്കാന്‍ നിയോഗിക്കപ്പെട്ടവരുമാണ്. അതിനാല്‍ ഉത്തരവാദിത്തമുള്ള വ്യക്തികളായി സമൂഹത്തിനും രാഷ്ട്രത്തിനും പ്രയോജനം ചെയ്യുന്നവരായി ജീവിക്കാന്‍ ഓരോ വ്യക്തിക്കും കടമയുണ്ട്. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ രാഷ്ട്രനേതാക്കള്‍ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ജനിച്ചവരാണ് ഇന്നത്തെ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും. അതുകൊണ്ട് തന്നെ പാരതന്ത്ര്യത്തിന്റെ യാതനകള്‍ ജീവിതത്തില്‍ അനുഭവിക്കാത്തവരാണ് ഇന്നത്തെ തലമുറ. മാധ്യമങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മറ്റുമാണ് നമുക്ക് പാരതന്ത്ര്യത്തിന്റെ ഇരുണ്ട കാലത്തെക്കുറിച്ചറിയൂ. കേട്ടതിനേക്കാളും പഠിച്ചതിനേക്കാളും എത്രയോ ഭീകരമാണ് പാരതന്ത്ര്യം.

നമ്മുടെ പൂര്‍വ പിതാക്കള്‍ നേടിത്തന്ന സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് നിലനിര്‍ത്താനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനും ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനും ചേന്ന് മന്ത്രിയെ ജില്ലാ സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ പി.കെ അനീഷ്, അഡ്വ.എ.സുരേഷ് കുമാര്‍, കെ.ജാസിംകുട്ടി, എം.സി ഷെരീഫ്, എല്‍.സുമേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അനില്‍കുമാര്‍, എഡിഎം അലക്‌സ് പി തോമസ്, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ.ജയദീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ ; തഹസിൽദാർ ജി.സുധാകരന്‍റെ മൊഴിയെടുക്കുന്നു

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തലിൽ...

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു

0
തൃശൂര്‍: തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക്...

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

0
പാലക്കാട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ...

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ...