കോന്നി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന പരിപാടി പാസ് വേഡ് 2024-2025 സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിലും വളരുന്ന ലോകസാഹചര്യങ്ങളിലും പുതുതലമുറയുടെ ഭാവി സുരക്ഷിതവും ദീർഘവീക്ഷണത്തോടെയുള്ള ക്രമപ്പെടുത്തലുകളും സാധ്യമാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. പത്താം ക്ലാസ് പഠനത്തിനുശേഷവും പ്ലസ് ടു പഠനത്തിനുശേഷവുമുള്ള വിവിധ ഉപരിപഠന കോഴ്സുകൾ, തൊഴിൽ സാധ്യതകൾ, വിവിധ തൊഴിൽ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗങ്ങൾ, വിവിധ കോഴ്സുകളുടെ ഫീസ് ഘടന, വിവിധ തൊഴിലുകളുടെ ശമ്പളഘടന, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വൈവിധ്യമാർന്ന നൂതന കോഴ്സുകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ക്ലാസിൽ വിശദമാക്കി.
ജീവിതലക്ഷ്യങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണുവാനും നേടുവാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദമായി ചർച്ചചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കോന്നി ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രൊഫ. തോമസ് ഡാനിയൽ ക്യാമ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രശസ്ത വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലകരായ അജി ജോർജ്, സഞ്ജു ടി.കുര്യൻ എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് കോ ഓർഡിനേറ്ററും അധ്യാപകനുമായ പ്രമോദ് കുമാർ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ സുരേഷ് കുമാർ ആർ, വിജയകുമാർ പി.ആർ, അനധ്യാപകനായ ബിനു കെ.ബി, പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് ഉദ്യോഗസ്ഥരായ സജീവ് കുമാർ സി.എസ്, ബിനിത പി.ബി, അനൂജ ജെ.നായർ, വീണ വി. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.